തന്റെ ആരോഗ്യവും ചികിത്സയും പോലും വകവയ്ക്കാതെയാണ് മുഖ്യമന്ത്രി പ്രളയകാലത്ത് പ്രവര്‍ത്തിച്ചത്! അതൊന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ ആവില്ല; പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന്റെ മുനയൊടിച്ച് പി.സി. ജോര്‍ജ് എംഎല്‍എ

പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയെയും ഭരണപക്ഷാംഗങ്ങളെയും കുറ്റപ്പെടുത്തി സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് ജനപക്ഷം നാതാവ് പി.സി. ജോര്‍ജ് എംഎല്‍എ.

പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്നാണ് നിയമസഭയില്‍ അദ്ദേഹം തുറന്ന് പറഞ്ഞത്.

ശബരിമല വിഷയത്തില്‍ ബിജെപിയോടൊപ്പം ചേര്‍ന്ന പി.സി. ജോര്‍ജ് പ്രളയ വിഷയം വന്നപ്പോള്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നത് ഏവരെയും ഞെട്ടിക്കുകയും ചെയ്തു.

പ്രളയകാലത്ത് പിണറായി വിജയന്‍ സംസ്ഥാനത്തിനായി യാതൊന്നും ചെയ്യാതെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയായിരുന്നു. ഇതിനെതിരെയാണ് പി. സി ജോര്‍ജ് രംഗത്തെത്തിയത്.

സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. അദ്ദേഹം പരമാവധി ചെയ്തു. സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയാനന്തര കേരളമെന്ന വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിസി ജോര്‍ജ് മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്.

പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാര്‍. ഏഴ് പേരാണ് ഇവിടെ മരിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്ടര്‍ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണ്. പ്രളയ ദുരിതാശ്വത്തില്‍ മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ വിസ്മരിക്കാന്‍ ആവില്ല.

ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കേരളത്തിലെ ജനങ്ങള്‍ക്ക് താങ്കളുടെ ജീവന്‍ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താന്‍ പോലും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ കഴിയില്ല. ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാന്‍ അവിടുത്തെ എംഎല്‍എ കരഞ്ഞതും കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

Related posts