നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ മുന്നിൽവച്ച് മറ്റൊരു വിവാഹം കഴിച്ചാൽ എന്താകും അവസ്ഥ? പെട്ടെന്ന് കേൾക്കുന്പോൾ ആരായാലും ആദ്യമൊന്നു പകച്ചുപോകും. നിങ്ങൾ എപ്പോഴെങ്കിലും ആ ചോദ്യം ചോദിച്ചിട്ടുണ്ടോ? സിംഗിൾ പേരന്റ് ആയ നിങ്ങളുടെ അച്ഛനോ അമ്മയോ മറ്റൊരാളെ കല്യാണം കഴിക്കാൻ നിങ്ങൾ സമ്മതിക്കുമോ?
അങ്ങനെയൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൂജ ഭട്നാഗർ എന്ന ഇൻഫ്ലുവൻസറാണ് വീഡിയോ പങ്കുവച്ചത്. അവളുടെ അമ്മയുടെ രണ്ടാം വിവാഹത്തിന്റെ വീഡിയോ ആണിത്.
ഇന്ന് ഞാൻ ഒരുപാട് കരഞ്ഞ ദിവസമാണ്. ഒരേസമയം സന്തോഷവും സങ്കടവും എനിക്കുണ്ടായി. എന്റെ അമ്മ ഇന്ന് രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നു. ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. എന്തായാലും എനിക്ക് ഒരു കാര്യമറിയാം. യഥാർഥ സ്നേഹം എന്നെന്നും വിജയിക്കും. അതിനു തെളിവാണ് ഇന്ന് എന്റെ അമ്മയുടെ കല്യാണം. എന്റെ അച്ഛനും അമ്മയ്ക്കും വിവാഹ ആശംസകൾ എന്നു പറഞ്ഞാണ് പൂജ തന്റെ അമ്മയുടെ രണ്ടാം വിവാഹത്തിന്റെ വീഡിയോ പങ്കുവച്ചത്.
വധൂവരൻമാർ വേദിയിൽ വന്നിരിക്കുന്നതും ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ടായിരുന്നു. അഗ്നിസാക്ഷിയാക്കി പരസ്പരം താലി ചാർത്തുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
പൂജ പങ്കുവച്ച വീഡിയോ പെട്ടെന്ന് വൈറലായി. പലരും പൂജയെ പ്രശംസിച്ച് കമന്റുകൾ ചെയ്തു. വധൂവരൻമാർക്ക് ദീർഘ മംഗളങ്ങൾ ഭവിക്കട്ടെയെന്നും എല്ലാവരും ആശംസിച്ചു.
