എപ്ലസ് നല്ലതു തന്നെ, പക്ഷേ ഓവറാക്കി ചളമാക്കരുത്! എപ്ലസ് ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കില്ലെന്ന് പ്രശാന്ത് നായര്‍ ഐഎഎസ്; കാരണമായി കളക്ടര്‍ ബ്രോ പറയുന്നതിങ്ങനെ

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ ഫലങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. വിജയികളെ അനുമോദിക്കുകയും മാര്‍ക്ക് കുറഞ്ഞുപോവുകയോ തോറ്റുപോവുകയോ ചെയ്യുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന്റെ തിരക്കിലാണ് ആളുകളെല്ലാം.

എന്നാല്‍ ഫുള്‍ എപ്ലസ് കിട്ടുക എന്നത് മാത്രമല്ല, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യം എന്ന് വ്യക്തമാക്കിയും സ്വന്തം അനുഭവങ്ങള്‍ വിവരിച്ചും പ്രമുഖരടക്കമുള്ള നിരവധിയാളുകള്‍ രംഗത്തെത്തുകയുണ്ടായി. അക്കൂട്ടത്തില്‍ തന്നെ എപ്ലസ് ആഘോഷത്തില്‍ മുഴുകിയിരിക്കുന്നവരോടായി പ്രശാന്ത് നായര്‍ ഐഎഎസിന് പറയാനുള്ള ചില കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രശാന്ത് നായര്‍ പൊതുജനത്തിന്റെ അറിവിലേയ്ക്കായി ഏതാനും വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…

A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാര്‍ക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.

വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളില്‍ ഈ മാര്‍ക്ക് ഷീറ്റ് പ്രദര്‍ശനം ഇടുന്ന പ്രഷര്‍ എന്തായിരിക്കും… ഇത്രമാത്രം ഹൈപ്പ് അര്‍ഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നു കൂടെ ഓര്‍ക്കണം. ജീവിത വിജയവുമായിട്ട് വലിയ ബന്ധവുമില്ല. പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേര്‍തിരിക്കാനല്ല, അക്കാദമിക് ചോയ്‌സുകള്‍ പ്രാവര്‍ത്തികമാക്കാന്‍ മാത്രമാണ്.

അ+ ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാന്‍ വിളിക്കുന്നവരോട് സ്‌നേഹത്തോടെ വരാന്‍ നിര്‍വാഹമില്ല എന്നേ പറയാന്‍ പറ്റൂ. ഇവര്‍ക്ക് സ്വീകരണവും ആഘോഷവും ഒരുക്കുമ്പോള്‍ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നില്‍ക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കും? അവരും മിടുക്കരും മിടുക്കികളും തന്നെയാണ്. ഇത്തരത്തില്‍ സിസ്റ്റമാറ്റിക്കായി സമൂഹം ഒന്നടങ്കം അവരെ മാനസികമായി തളര്‍ത്താതിരുന്നാല്‍ മതി. സ്‌കൂളിലും, റെസിഡന്റ് അസോസിയേഷനിലും, വീട്ടിലും, ബന്ധുഗൃഹങ്ങളിലും, പത്രത്തിലും ടിവിയിലും, ഫേസ്ബുക്കിലും, കവലയിലെ ഫ്‌ലെക്‌സിലും ഒക്കെ ഇവരെ തളര്‍ത്താനുള്ള എല്ലാം നമ്മള്‍ ചെയ്യുന്നുണ്ട്. ഈ രക്തത്തില്‍ പങ്കാളിയാവാന്‍ വയ്യ ഉണ്ണീ.

വിജയങ്ങള്‍ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വള്‍ഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂ.

– ബ്രോസ്വാമി

Related posts