വീണ്ടും ദുരഭിമാനക്കൊല ! മകളെ കൊന്ന ശേഷം പിതാവ് മൃതദേഹം യുവാവിന്റെ കൃഷിയിടത്തില്‍ കൊണ്ടിട്ടു…

കര്‍ണാടകയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

മൈസൂരുവിലെ പെരിയപട്ടണയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.

ശാലിനിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ വൊക്കലിംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം.

സമീപത്തുള്ള മെല്ലഹള്ളി ഗ്രാമത്തിലെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു.

എന്നാല്‍ ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ മഞ്ജുനാഥിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് സ്റ്റേഷനില്‍ ഹാജരായ ശാലിനി, താന്‍ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പറഞ്ഞതിനാല്‍ പോലീസ് ശാലിനിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി.

പിന്നീട് ശാലിനി തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച ഇക്കാര്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ താന്‍ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശാലിനി പറഞ്ഞു.

ഇതില്‍ പ്രകോപിതനായി പിതാവ് സുരേഷ് പെണ്‍കുട്ടിയുടെ കഴുത്തുഞെരിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ശാലിനിയെ ഉണര്‍ത്താന്‍ അമ്മ ബേബി ശ്രമിച്ചങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയ്ക്കായിരുന്നു കൊലപാതകം.

ശാലിനി മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ സുരേഷും ബേബിയും മൃതദേഹം ഒരു ഇരുചക്രവാഹനത്തില്‍ അടുത്ത ഗ്രാമമായ മെല്ലഹള്ളിയിലെത്തിച്ച് ഉപേക്ഷിച്ചു. പിന്നീട് രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് കുറ്റമേറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു.

താന്‍ കൊല്ലപ്പെട്ടാല്‍ അതിന് ഉത്തരവാദി മഞ്ജുനാഥ് ആയിരിക്കില്ലെന്നും പിതാവ് തന്നെ നിരന്തരം അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുന്നെന്നും അദ്ദേഹത്തിന് മകളെക്കാള്‍ വലുത് ജാതിയാണെന്നും ചൂണ്ടിക്കാട്ടി ശാലിനി പോലീസിന് കത്തു നല്‍കിയിരുന്നു.

താന്‍ കൊല്ലപ്പെട്ടാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികളെന്ന് ശാലിനി മഞ്ജുനാഥിനയച്ച ശബ്ദസന്ദേശവും പൊലീസിനു ലഭിച്ചിട്ടുണ്ട്.

മഞ്ജുനാഥിനെ കൊല്ലാന്‍ സുരേഷും ബേബിയും രണ്ടു ലക്ഷം രൂപ വാടകക്കൊലയാളികള്‍ക്കു വാഗ്ദാനം ചെയ്‌തെന്നും മൂന്നു വ്യാജപരാതികള്‍ അയാള്‍ക്കെതിരെ നല്‍കിയിരുന്നെന്നും യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

Related posts

Leave a Comment