ലക്നോ: ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി.പ്രകടന പത്രിക പുറത്തിറക്കുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സംബന്ധിച്ച് പ്രിയങ്ക സൂചന നൽകിയത്. കോൺഗ്രസിൽനിന്ന് നിങ്ങൾ വേറെ ആരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് പ്രിയങ്ക പ്രതികരിച്ചത്. താങ്കൾ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണോയെന്ന് വീണ്ടും ചോദ്യം ഉയർന്നപ്പോൾ എല്ലാവർക്കും തന്റെ മുഖം കാണാൻ കഴിയുന്നില്ലെയെന്ന് പ്രിയങ്ക തിരിച്ചു ചോദിച്ചു.
യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കി. യുപിയിലെ യുവാക്കൾക്കൊപ്പമാണ് കോൺഗ്രസെന്ന് എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപി ഭരിച്ച അഞ്ച് വർഷത്തിനിടെ യുപിയിൽ 16 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടമായി. വിദ്വേഷം ഉണ്ടാക്കാനല്ല എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രിയങ്ക യുപിയിൽ മത്സരിക്കാൻ തീരുമാനിച്ചാൽ താരപോരാട്ടമായി മാറും. നിലവിൽ സമാജ്വാദി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അഖിലേഷ് യാദവും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി യോഗി ആദിത്യനാഥും മത്സരരംഗത്തുണ്ട്.
ഗാന്ധി കുടുംബത്തിൽനിന്നു് ഇതുവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെന്ന ചരിത്രവും വഴിമാറിയേക്കും.