പൃഥിരാജിനുവേണ്ടി എഴുതിയ കഥയല്ല രാമലീലയുടേത്! രാമലീല പിറവിയെടുക്കുന്നത് ഇങ്ങനെയാണ്; പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ തള്ളി തിരക്കഥാകൃത്ത് സച്ചി

റിലീസാകുന്ന രണ്ടു സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തിരക്കഥാകൃത്ത് സച്ചി. രാമലീലയുടേയും ഷെര്‍ലക് ടോംസിന്റേയും തിരക്കഥ സച്ചിയുടേതാണ്. സച്ചി ആദ്യമായി ദിലീപിന് വേണ്ടി എഴുതുന്ന സിനിമയാണ് രാമലീല. സീരിയസ് പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പേ പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു ഇതെന്ന് സച്ചി പറഞ്ഞു. രാമലീല പൃഥ്വിരാജിനുവേണ്ടി എഴുതിയ കഥയാണെന്നും ദിലീപ് പിന്നീടൊരു ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അത് ദിലീപിന് നല്‍കുകയായിരുന്നുവെന്നും സച്ചി പറഞ്ഞതായി അടുത്തിടെ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതങ്ങനെയല്ലെന്ന് വ്യക്തമാക്കുകയാണ് സച്ചി. ‘അരുണ്‍ ഗോപിക്ക് വേണ്ടി മറ്റൊരു കഥ ആലോചിച്ചിരുന്നു. അതില്‍ പൃഥ്വിരാജിനെയാണ് നായകനായി പരിഗണിച്ചിരുന്നത്. അതൊരു സിനിമാ നടന്റെ കഥയായിരുന്നു. എന്നാല്‍ അത് പെട്ടന്ന് ചെയ്യാന്‍ പൃഥ്വിരാജിനും തിരക്കുണ്ടായിരുന്നു.

അതുകൊണ്ട് ആ ചിത്രം മാറ്റിവച്ചു. പിന്നീടാണ് രാമലീല എന്ന സിനിമയുടെ കഥ ഉണ്ടാകുന്നത്. ദിലീപിനെവെച്ച് തന്നെയാണ് ചിത്രം ആലോചിക്കുന്നത്. റണ്‍ ബേബി റണ്‍ കണ്ട ശേഷമാണ് ദിലീപ് എന്നോടൊരു പ്രോജക്ട് ചെയ്യണമെന്ന് പറയുന്നത്. കോമഡി ആകണമെന്നില്ലെന്നും പറഞ്ഞു. അങ്ങനെ എംപിയായ ഒരു രാഷ്ട്രീയക്കാരന്റെ കഥ. ഡല്‍ഹി പശ്ചാത്തലം. അതിനായി ഞാനും അരുണും ഡല്‍ഹിയിലെത്തി ലൊക്കേഷന്‍ വരെ കണ്ടു. എന്നാല്‍ പിന്നീട് ഡല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യം മാറി. അതിന് ശേഷം കേരളത്തിലേക്ക് കഥ മാറ്റുകയായിരുന്നു.’സച്ചി പറഞ്ഞു. സച്ചി എഴുതി, ദിലീപ് നായകനാവുന്ന രാമലീല, മഞ്ജു വാര്യരുടെ ഉദാഹരണം സുജാത, സച്ചി തന്നെ തിരക്കഥയെഴുതിയ ഷെര്‍ലക് ടോംസ് എന്നീ മൂന്ന് ചിത്രങ്ങള്‍ കേരളത്തില്‍ കത്തി നില്‍ക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റിലീസിനെത്തുമ്പോള്‍ വിജയം ആരോടൊപ്പമാവും എന്ന് കാത്തിരിക്കുകയാണ് മലയാളികള്‍.

 

Related posts