ഫാ ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി! ഡല്‍ഹിയിലെത്തിയ ഫാ. ടോമിനെ സ്വീകരിച്ചത് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍; സഹനദാസന്‍ കേരളത്തിലെത്തുന്നത് ഞായറാഴ്ച

യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി. റോമില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഫാ. ടോം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. 11.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ചയുണ്ട്. ഉച്ചയ്ക്കു വത്തിക്കാന്‍ എംബസി സന്ദര്‍ശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. നാളെ ബെംഗളൂരുവിലേക്കു തിരിക്കും. ഞായറാഴ്ച രാവിലെ കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഡല്‍ഹിയിലെത്തിയ ഫാ. ടോമിനെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കേരളത്തില്‍നിന്നുള്ള എംപിമാരും സഭാ പ്രതിനിധികളും എത്തിയിരുന്നു.

വൈകിട്ടു 4.30നു സിബിസിഐ ആസ്ഥാനത്തു മാധ്യമങ്ങളെ കാണും. 6.30നു ഗോള്‍ ഡാക് ഘാന സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ കുര്‍ബാന. നാളെ ബെംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോം, 12 മണിക്കു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 8.30നു ബെംഗളൂരു വിമാനത്താവളത്തില്‍ സ്വീകരണം. പത്തിനു കൂക്ക് ടൗണിലെ ഡോണ്‍ ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ സ്വീകരണം. വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ കൃതജ്ഞതാ ബലി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിനു വാര്‍ത്താസമ്മേളനം. ഞായര്‍ രാവിലെ ഏഴിനു നെടുമ്പാശേരിയിലെത്തും. എട്ടിനു വെണ്ണല ഡോണ്‍ ബോസ്‌കോ ഹൗസില്‍ സ്വീകരണം. 9.45നു എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തും. 12നു വരാപ്പുഴ അതിരൂപതാ ആസ്ഥാന സന്ദര്‍ശനം. വൈകിട്ടു നാലിന് പാലാ ബിഷപ്‌സ് ഹൗസില്‍ സ്വീകരണം. 5.30നു ജന്മനാടായ രാമപുരത്തു പൊതുസമ്മേളനം. ബുധനാഴ്ച ബംഗളൂരുവിലേ്ക്ക് മടങ്ങുമെന്നാണറിയിച്ചിരിക്കുന്നത്.

 

Related posts