ആലപ്പുഴ: ഇരുപത്തിയാറാം വയസില്‍ നിയമസഭയിലെത്തിയ കന്നിക്കാരന് തന്റെ ആദ്യ നിയമസഭയുടെ അവസാനത്തെ കാലത്ത് ഒമ്പതു മാസം മന്ത്രിയായി. അന്ന് തെരഞ്ഞെടുപ്പുകാലത്ത് എതിരാളികള്‍ വിളിച്ച മുദ്രാവാക്യം ചെന്നിത്തലയുടെ ചിന്ന പയ്യന്, വട്ടുകളിക്കാന്‍ പോ പയ്യാ എന്നായിരുന്നു. മന്ത്രിസഭയിലെത്തിയതോടെ ചെന്നിത്തലയിലെ ചിന്ന പയ്യന് നാടുഭരിച്ചത് കണ്ടോളൂ എന്നു തിരിച്ചു വിളിക്കും വിധമായിരുന്നു രമേശ് ചെന്നിത്തല ഭരണരംഗം കൈകാര്യം ചെയ്തത്.
കേരള രാഷ്ട്രീയത്തിലെ റിക്കാഡുകളുടെ തോഴനാണ് രമേശ് ചെന്നിത്തല. 1982- മേയ് 24 ന് 26-ാം വയസില്‍ ഹരിപ്പാട് നിന്ന് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തുടങ്ങിയ രാഷ്ട്രീയ പ്രയാണം. 1986-ല്‍ കെ. കരുണാകരന് മന്ത്രിസഭയിലൂടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി തുടര്‍ന്നു.
ഗ്രാമവികസന വകുപ്പാണ് രമേശ് കൈകാര്യം ചെയ്തത്. ആ റിക്കാര്‍ഡ് ഇന്നുവരെ ആര്‍ക്കും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. 2014- 2016 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിൽ ആഭ്യന്തര മന്ത്രിയായും 2016 മുതല്‍ 2021 വരെ പ്രതിപക്ഷ നേതാവായും അദ്ദേഹം തിളങ്ങി. 1982, 1987 വര്‍ഷങ്ങളിലും 2011 മുതല്‍ 2026 വരെ ഹരിപ്പാടിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്നിന്ന് 23377 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐയിലെ ടി.ടി. ജിസ്മോനെ ചെന്നിത്തല പരാജയപ്പെടുത്തിയത്.
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി മുന്‍ ഡെവലപ്മെന്റ് ഓഫീസറായ ഭാര്യ അനിത, ശ്രീ ഉത്രാടം തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ റേഡിയോളജിസ്റ്റായ മകന് ഡോ. രോഹിത് ചെന്നിത്തല, മംഗളൂരു ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറായ മകന് രമിത് ചെന്നിത്തല എന്നിവരടങ്ങുന്നതാണ് ചെന്നിത്തലയുടെ കുടുംബം.
