ശമ്പളം 50000 രൂപ! ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച യുവാവ് കുടുങ്ങി

നെടുമ്പാശേരി: ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശിയെ ചെങ്ങമനാട് പോലീസ് അറസ്റ്റുചെയ്തു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി അയൂബ് (35) ആണ് പിടിയിലായത്. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം സ്വദേശിനിയായ 40 കാരിയെയാണ് പ്രതി അത്താണിയിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്.

സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി സൗഹൃദത്തിലായ പ്രതി പുതിയതായി ആരംഭിക്കുന്ന ബ്യൂട്ടി പാർലറിലേക്ക് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. 50,000 രൂപ പ്രതിമാസ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയിക്കാനെന്ന പേരിൽ ബുധനാഴ്ച ഉച്ചയോടെ യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വൈകിട്ട് അഞ്ചോടെ യുവതി ഒരു സുഹൃത്തിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി സംഭവം പറഞ്ഞശേഷം ചെങ്ങമനാട് പോലീസിൽ പരാതി നൽകി. പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts