എടിഎം മെഷീനില്‍ ചുണ്ടെലികളുടെ ‘അറ്റകുറ്റപ്പണി’; ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം, ചന്നംപിന്നം കടിച്ചുകീറിയ നോട്ടുകള്‍ കണ്ട് ഇടപാടുകാര്‍ക്കും ബാങ്കിനും ഞെട്ടല്‍

എടിഎം മെഷീനില്‍ കുറച്ചു ചെറിയ ചുണ്ടെലികള്‍ കയറി, ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം രൂപ. ആസാമിലെ ടിന്‍സൂക്കിയ ജില്ലയില്‍ ലായ്പുലിയിലെ എസ്ബിഐ എടിഎമ്മിലാണു സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മേയ് 20 മുതല്‍ എടിഎം അടച്ചിട്ടിരിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരം വൈകിയപ്പോള്‍ ഒരു കൂട്ടം ചുണ്ടെലികള്‍ ‘അറ്റകുറ്റപ്പണി’കള്‍ക്കായി എടിഎമ്മില്‍ കയറിപ്പറ്റി.

ഈ മാസം 11-ന് മെഷീനിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തിയപ്പോഴാണ് മെഷീനിന്റെ അകത്തു നടന്ന ‘അറ്റകുറ്റപ്പണി’കള്‍ വെളിച്ചം കണ്ടത്.

കടിച്ചുമുറിച്ച് ചിതറിച്ച നിലയിലായിരുന്നു നോട്ടുകള്‍. 29 ലക്ഷം രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12,38,000 രൂപ എലികള്‍ നശിപ്പിച്ചു. 17 ലക്ഷം രൂപ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related posts