ന്യൂമാഹി: കേരളം എഴുത്തുകാരുടെ പുണ്യഭൂമിയാണെന്നും കേരളത്തിലെ യുവാക്കൾക്കിടയിൽ വായന വർധിച്ചിട്ടുണ്ടെന്നും പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. മാഹി കലാഗ്രാമത്തിൽ നടന്ന എസ്.കെ. പൊറ്റക്കാട് സ്മാരക പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ കാലഘട്ടത്തിലും പുസ്തകങ്ങൾ അതിജീവിക്കുന്നു എന്നതിന് തെളിവാണ് മലയാളത്തിൽ ഇറങ്ങുന്ന ഇത്രയേറെ പുസ്തകങ്ങൾ. ചടങ്ങിൽ നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിന് അർഷാദ് ബത്തേരി എസ്.കെ.പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി.
എഴുത്തുകാരൻ ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു. ഉത്തമരാജ് മാഹി ആമുഖ പ്രഭാഷണം നടത്തി. കാതലിൻ മരിയ ജീസൺ, ശ്രീജ നടുവം, ഡോ. താഹിറ കല്ലുമുറിയ്ക്കൽ, സുമ മഹേഷ്, കണ്ണനുണ്ണി, പി.സി. തങ്ക എന്നിവർ പ്രസംഗിച്ചു.
