റീഅഡ്മിഷന്‍ എന്ന പരിപാടി ഇനി അനുവദിക്കില്ല ! വര്‍ഷങ്ങളായി കോളജില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന അധ്യാപകരെ മാറ്റും; യൂണിവേഴ്‌സിറ്റി കോളജില്‍ ഇനി നവോത്ഥാനത്തിന്റെ നാളുകള്‍…

യൂണിവേഴ്‌സിറ്റി കോളജില്‍ സമൂലമായി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ.കെ.സുമ വ്യക്തമാക്കി. പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി എസ്എഫ്‌ഐ പ്രയോഗിച്ചു പോന്ന റീ അഡ്മിഷന്‍ തന്ത്രം ഇനി നടക്കില്ല. കോളജില്‍ ഇനി മുതല്‍ റീ അഡ്മിഷന്‍ അനുവദിക്കില്ല എന്ന് കെ.കെ സുമ വ്യക്തമാക്കി. വര്‍ഷങ്ങളായി കോളജില്‍ തുടരുന്നവരെ മാറ്റുന്നത് പരിഗണണിക്കും. അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന കമ്മറ്റികള്‍ രൂപീകരിക്കാനും ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാനും തീരുമാനമായി.

പൊലീസ് സംരക്ഷണയില്‍ രണ്ടുദിവസത്തിനകം കോളജ് തുറക്കും യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ഓഫിസില്‍ നിന്ന് ഉത്തരകടലാസ് കണ്ടെത്തിയതിലും നടപടി തുടങ്ങി. സംഭവത്തില്‍ പ്രിന്‍സിപ്പലിനോടു റിപ്പോര്‍ട്ട് തേടും. ഉത്തരകടലാസ് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും അനധ്യാപകരായ മൂന്നുപേരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചെന്നും കെ.കെ.സുമ അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകളും മുദ്രയും പിടിച്ചെടുത്തതിനെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സര്‍വകലാശാല വൈസ് ചാന്‍സലറോട് അടിയന്തര വിശദീകരണം തേടിയിരുന്നു. വൈസ് ചാന്‍സലറുടെ മറുപടിക്കു ശേഷമായിരിക്കും ഗവര്‍ണര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഗവര്‍ണറുടെ ഇടപെടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളടക്കം ആവശ്യപ്പെട്ടിരുന്നു.

യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലും പ്രതികരിച്ചു. അന്വേഷണറിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികളെടുക്കും. അധ്യാപകരുടെ വീഴ്ചയും പരിശോധിക്കും. അക്രമത്തിന്റെ പേരില്‍ യൂണിവേഴ്‌സിറ്റി കോളജിനെയും സംഘടനയെയും താറടിക്കരുത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കലാലയ രാഷ്ട്രീയപ്രവര്‍ത്തനം സംബന്ധിച്ച് ബില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അക്രമത്തിന്റെയും ഗുണ്ടായിസത്തിന്റെയും ബലത്തില്‍ എസ്എഫ്‌ഐയുടെ ഏകാധിപത്യം വിളയാടിയിരുന്ന മണ്ണില്‍ ഇനി സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് മറ്റ് വിദ്യാര്‍ഥി സംഘടനകള്‍.

Related posts