കുറ്റം ചെയ്തിട്ട് വിദേശത്തേക്ക് മുങ്ങിയാലും ഇനി രക്ഷയില്ല ! 13കാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ മെറിന്‍ ജോസഫ് ഐപിഎസ് സൗദിയിലെത്തി പൊക്കി; ചരിത്രത്തില്‍ ഇടംപിടിച്ച ദൗത്യം ഇങ്ങനെ…

നാട്ടില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ട് വിദേശത്തേക്ക് മുങ്ങി രക്ഷപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ പഴങ്കഥയാവുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം സൗദിയിലെ റിയാദിലേക്ക് മുങ്ങിയ മലയാളി യുവാവിനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. ഇയാളെ സൗദി ഇന്ത്യക്ക് കൈമാറും. ഈ ദൗത്യത്തിന് ചുമതല കിട്ടിയതാകട്ടെ മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനും. കൊല്ലം പൊലീസ് കമ്മീഷണറായ മെറിനാണ് ഓച്ചിറ സ്വദേശിയായ സുനില്‍കുമാര്‍ ഭദ്രനെ പിടികൂടി നാട്ടിലേക്ക് കൊണ്ടുവന്നത്.തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ഇതിന് മുമ്പ് ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുത്ത് ഇന്ത്യക്ക് കൈമാറിയിട്ടുണ്ടെങ്കിലും പോക്‌സോ കേസില്‍ ഇതാദ്യമാണ്.

2010 ല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. ആ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പൊലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. നാഷനല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇന്റര്‍പോള്‍ മൂന്നാഴ്ച മുമ്പേ സുനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു.

സൗദിയിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്ന് സൗദി ഇന്റര്‍പോള്‍ പ്രതിയെ പൊലീസ് സംഘത്തിന് കൈമാറിയ പ്രതി സുനില്‍ കുമാറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ രാത്രി ഒരു മണിയോടെയാണ് എത്തിച്ചത്. കൊല്ലം ഡിസ്ട്രിക്ട് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രകാശ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍.

2017 ലാണ് കേസിനാസ്പദമായ സംഭവം. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ സുനില്‍ കുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി പട്ടികജാതി വിഭാഗക്കാരിയാണ്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപനായ ഇളയച്ഛന്‍ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അദ്ധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈന് വിവരം കൈമാറുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി വ്യക്തമായി.

അന്വേഷണം നടക്കുമ്പോഴാണ് പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയത്. കുട്ടിയെ പിന്നീട് കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവിടെ വെച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി. മഹിളാമന്ദരിത്തിലെ ദുരനുഭവമായിരുന്നു കാരണം. ഇതിന് ഉത്തരവാദികളായ മഹിളാമന്ദിരത്തിലെ ജീവനക്കാര്‍ ജയിലിലാണ്. റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ ഒന്നര വര്‍ഷമായി നടന്നുവന്ന ശ്രമങ്ങള്‍ വിജയം കാണാതായപ്പോഴാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ സൗദി ഇന്റര്‍പോള്‍ പ്രതിയെ പിടികൂടി വിവരം സിബിഐക്ക് കൈമാറി. പരമാവധി 45 ദിവസം മാത്രമേ സൗദി പൊലീസിന് പ്രതിയെ കസ്റ്റഡിയില്‍ വയ്ക്കാന്‍ കഴിയുകയുള്ളു. റിയാദില്‍ നിന്ന് പിടികൂടിയ പ്രതിയെ അല്‍ഹൈര്‍ ജയിലിലാണ് പാര്‍പ്പിച്ചത്.

Related posts