മരണത്തിന് തൊട്ടുമുമ്പ് ജീവിതം മുഴുവന്‍ ഒറ്റ നിമിഷത്തില്‍ മിന്നിമറയും ! പുതിയ കണ്ടെത്തല്‍ വെളിച്ചം വീശുന്നത്…

മരണവും മരണാനന്തര ജീവിതവും മനുഷ്യന് എന്നും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. മരണസമയത്ത് മനുഷ്യരില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ത് എന്നതിനെപ്പറ്റി പല പഠനറിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ടെങ്കിലും അവയുടെ വിശ്വസനീയത ചോദ്യം ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ മരണം എന്നാലെന്താണെന്നും മരണത്തിന് ശേഷം എന്തെന്നുമുള്ള ഉത്തരത്തിലേക്ക് നാം എത്തിക്കൊണ്ടിരിക്കുന്നു എന്ന സൂചന തരുന്ന ചില കണ്ടുപിടിത്തങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് പുതുതായി എത്തിയിരിക്കുന്നത്.

മരണസമയത്ത് മസ്തിഷ്‌കത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തിയ ഒരു പഠനത്തില്‍ മരണസമയത്ത് നമ്മുടെ ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

87 വയസ്സുള്ളയാളില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടുപിടിത്തം. അപസ്മാരം ബാധിച്ച ഇദ്ദേഹത്തിന്റെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

എന്നാല്‍ ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇതോടെ മരണത്തിന് മുമ്പായി അദ്ദേഹം കടന്നുപോയ നിമിഷങ്ങളെ രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.

മരിക്കുന്നതിന് തൊട്ട് മുമ്പ് ആ മനുഷ്യനില്‍ കണ്ടെത്തിയ മസ്തിഷ്‌ക തരംഗങ്ങള്‍ ശാസ്ത്രജ്ഞര്‍ പഠനത്തിന് വിധേയമാക്കി. ഇതാദ്യമായാണ് മരണസമയത്തെ തലച്ചോറിന്റെ പ്രവര്‍ത്തനം റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്.

മനുഷ്യര്‍ സ്വപ്നം കാണുമ്പോഴോ ഓര്‍മകള്‍ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മാറ്റങ്ങള്‍ തന്നെയാണ് ഈ തരംഗങ്ങളിലും രേഖപ്പെടുത്തിയതെന്നാണ് അവര്‍ കണ്ടെത്തിയത്.

മരണസമയത്തെ 900 സെക്കന്‍ഡ് നേരത്തെ മസ്തിഷ്‌ക പ്രവര്‍ത്തനമാണ് ശാസ്ത്രജ്ഞര്‍ അളന്നത്. ഹൃദയമിടിപ്പ് നിലച്ചതിന് ശേഷമുള്ള 30 സെക്കന്‍ഡും പഠനവിധേയമാക്കി.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതിന് ശേഷവും അതിന് തൊട്ട് മുമ്പും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ മാറ്റം കണ്ടുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

”രോഗിയുടെ ഹൃദയം മസ്തിഷ്‌കത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നതിന് മുമ്പുള്ള 30 സെക്കന്‍ഡുകള്‍, സ്വപ്നം കാണുമ്പോഴോ അല്ലെങ്കില്‍ ഓര്‍മകള്‍ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മസ്തിഷ്‌ക തരംഗങ്ങളുടെ പാറ്റേണ്‍ ആണ് കാണിച്ചത്. ഇത് ഒരുപക്ഷേ അയാളുടെ ജീവിതാനുഭവങ്ങളുടെ അവസാന ഓര്‍മപ്പെടുത്തലാകാം. മരിക്കുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങളില്‍ ഈ ഓര്‍മകള്‍ നമ്മുടെ തലച്ചോറിലൂടെ വീണ്ടും പ്ലേ ചെയ്യുന്നു” പഠനത്തിന് നേതൃത്വം നല്‍കിയ യുഎസിലെ ലൂയിവില്ലെ യൂണിവേഴ്സിറ്റിയിലെ ഡോ.അജ്മല്‍ സെമ്മര്‍ പറഞ്ഞു.

ജീവിതത്തില്‍ നടന്ന സംഭവങ്ങളെ, പ്രിയപ്പെട്ടവരെ ആവാം ഒരു വ്യക്തി അയാളുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ ചിലപ്പോള്‍ ഓര്‍ക്കുക എന്നാണ് പഠനം പറഞ്ഞു വയ്ക്കുന്നത്.

ഒരു തിരശീലയില്‍ എന്ന പോലെ ആ ഓര്‍മകള്‍ അയാളുടെ മനസ്സിലൂടെ മിന്നി മറയുന്നു. ഇതില്‍ കൂടുതല്‍ ആശ്ചര്യകരമായ കാര്യം, മരണത്തിന്റെ അവസാന നിമിഷങ്ങളിലും, അതിനുശേഷവും നമ്മുടെ മസ്തിഷ്‌കം സജീവമായി നിലകൊള്ളാമെന്നതാണ്.

അതുകൊണ്ട് തന്നെ ഹൃദയമിടിപ്പ് നിലക്കുമ്പോഴോ, തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുമ്പോഴോ ഒരു വ്യക്തി മരിക്കുന്നത്? എന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഈ പഠനത്തിന് കഴിഞ്ഞിട്ടില്ല.

Related posts

Leave a Comment