ജയമുറപ്പിച്ച് രമ്യ ഹരിദാസ്‌ ? മത്സരഫലം വരുന്നതിനു മുമ്പുതന്നെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചേക്കും; തോറ്റാലും ഇനി ആലത്തൂരില്‍ സജീവമാകും…

ജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. ഈ സാഹചര്യത്തില്‍ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ രാജിവെച്ചേക്കുമെന്നാണ് സൂചന. 19 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. ഇത് കണക്കിലെടുത്ത് തന്ത്രപരമായ നിലപാടാണ് രമ്യ എടുക്കുന്നത്. ആലത്തൂരിന്റെ പെങ്ങളൂട്ടിയെ ഇനി ആലത്തൂരുകാര്‍ക്ക് വിട്ടുകൊടുക്കാനാണ് കോണ്‍ഗ്രസിന്റേയും തീരുമാനം.

രമ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. അപ്പോള്‍ ബ്ലോക്ക് കക്ഷിനില ഒമ്പതുവീതമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. ഇത് കോണ്‍ഗ്രസിന് പ്രതിസന്ധിയായി മാറും. ഇപ്പോള്‍ രമ്യ രാജിവച്ചാല്‍ ലോക്‌സഭാ ഫലപ്രഖ്യാപനത്തിനുമുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. അങ്ങനെ വന്നാല്‍ വോട്ടെടുപ്പില്‍ വീണ്ടും ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. ഫല പ്രഖ്യാപനം വരും വരെ രമ്യയ്ക്ക് അംഗത്വം തുടരാനാകുന്നതാണ് ഇതിന് കാരണം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രമ്യയുടെ പ്രവര്‍ത്തന മേഖല ആലത്തൂരിലേക്ക മാറ്റാനും കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശമുണ്ട്. രമ്യയും ഇത് അംഗീകരിച്ചുവെന്നാണ് വിവരം.

പ്രചരണത്തില്‍ ഓടി നടന്ന് ആലത്തൂരിന്റെ പെങ്ങളൂട്ടിയായ രമ്യ ഉറപ്പായും വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്. രമ്യയുടെ അംഗത്വം നിലനിര്‍ത്തി വോട്ടുചെയ്ത് പ്രസിഡന്റ് സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസും ലക്ഷ്യമിടുന്നത്. രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. വെള്ളിയാഴ്ച കോഴിക്കോട്ട് യുഡിഎഫ്. നേതൃത്വവുമായി ആലോചിച്ചശേഷമേ അന്തിമതീരുമാനം എടുക്കൂവെന്നും രമ്യ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രണ്ട് പട്ടികജാതിസംവരണ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രമ്യയെ സജീവമാക്കി നിര്‍ത്താനാണ് യുഡിഎഫ് നീക്കം. അതിന്റെ ഭാഗമാകാം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനുള്ള നീക്കം.

പോളിങ് 80 ശതമാനത്തിന് മുകളിലേക്കുയര്‍ന്നത് തുണയാകുമെന്നാണ് ആലത്തൂരില്‍ ഇരു മുന്നണികളുടെയും പ്രതീക്ഷ. 80.33 ആണ് ആലത്തൂരിലെ പോളിങ് ശതമാനം. പ്രചാരണത്തിന്റെ തുടക്കം മുതല്‍ കണ്ട വീറും വാശിയും പോളിംഗിന്റെ അവസാന മണിക്കൂറില്‍ വരെ പ്രകടമായതോടെയാണ് പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നത്. തനിക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ജനം ഏറ്റെടുത്തതാണ് ബൂത്തുകളില്‍ പ്രകടമായതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. 43,000 വോട്ടിന്റെ ഭൂരിപക്ഷം രമ്യയ്ക്ക് ലഭിക്കുമെന്നാണ് അനില്‍ അക്കര എംഎല്‍എ പറഞ്ഞിരിക്കുന്നത്.

Related posts