സ്വന്തം പാട്ടുകളുമായി രണ്ടു ചിത്രങ്ങൾ തീയറ്ററിൽ; രഞ്ജിന് സ്വപ്ന സാഫല്യം

സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ രഞ്ജിൻ രാജ് അതിരില്ലാത്ത സന്തോഷത്തിലാണ്. രഞ്ജിൻ സംഗീത സംവിധാനം നിർവഹിച്ച രണ്ടു ചിത്രങ്ങളാണ് വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്നത്.

എം. പദ്മകുമാർ സംവിധാനം നിർവഹിച്ച് ജോജു ജോർജ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന “ജോസഫ്’, എ.ആർ. ബിനുരാജ് സംവിധാനം നിർവഹിച്ച “നിത്യ ഹരിതനായകൻ’ എന്നീ ചിത്രങ്ങളാണ് രഞ്ജിന്‍റെ പാട്ടുകളുമായി ഒരേ ദിവസം തീയറ്ററുകളിലെത്തുന്നത്. ഇതോടെ, ഒരേ ദിവസമിറങ്ങുന്ന രണ്ടു ചിത്രങ്ങളിലൂടെ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ആദ്യ സംഗീത സംവിധായകൻ എന്ന ഖ്യാതിയും രഞ്ജിന് സ്വന്തമാകും.

രണ്ടും ചിത്രങ്ങളും ഒരേ ദിവസമെത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്നും വലിയ പ്രതീക്ഷയിലാണെന്നും രഞ്ജിൻ ദീപികയോടു പറഞ്ഞു. “ആദ്യം സംഗീതം സംവിധാനം നിർവഹിച്ചത് നിത്യഹരിത നായകൻ എന്ന ചിത്രത്തിനാണ്. അതിനുശേഷമാണ് ജോസഫിനു ഈണമൊരുക്കാൻ അവസരം കിട്ടുന്നത്.

നിത്യഹരിത നായകൻ കുറച്ചുകൂടി നേരത്തെ റീലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാൽ പല കാരണങ്ങളാൽ റീലീസ് മാറ്റിവയ്ക്കുകയായിരുന്നു. എന്തായാലും രണ്ടു ചിത്രങ്ങളും ഒരുമിച്ചെത്തുന്നതിൽ എനിക്കു വലിയ സന്തോഷമാണ്’.- രഞ്ജിൻ പറയുന്നു.

ജോസഫിനു വേണ്ടി അഞ്ചു ഗാനങ്ങളാണ് രഞ്ചിൻ ഒരുക്കിയിരിക്കുന്നത്. ഇതിൽ വിജയ് യേശുദാസ് ആലപിച്ച ഉയിരിൻ നാഥനേ എന്ന ഗാനവും കാർത്തിക് ആലപിച്ച കരീനീലക്കണ്ണുള്ള പെണ്ണേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. നിത്യഹരിതനായകനിലെ നീലരാവിലായി എന്ന ഗാനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വലിയൊരിടവേളയ്ക്കു ശേഷം എം.ജി. ശ്രീകുമാറും സുജാതയും ഒന്നിച്ചു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

അഞ്ഞൂറോളം പരസ്യ ചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഈണമൊരുക്കിയിട്ടുള്ള രഞ്ജിൻ നിരവധി കന്നഡ, തമിഴ്, മലയാളം ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്. പാലക്കാടാണ് സ്വദേശം. ഇപ്പോൾ കാക്കനാട്ട് സ്ഥിരതാമസമാരംഭിച്ചിരിക്കുന്നു. ഭാര്യ; താര.

ഗായകനാകുകയെന്നതിനേക്കാൾ സംഗീതസംവിധാന രംഗത്ത് കൂടുതൽ സജീവമാകുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും രഞ്ചിൻ പറയുന്നു.

അലക്സ് ചാക്കോ

Related posts