ഞങ്ങളെക്കാളൊക്കെ സ്‌ട്രോങ്ങായിരുന്നു അവള്‍! ചിലര്‍ക്കെതിരെ പ്രതികരിച്ചതിന് ഞങ്ങളില്‍ പലര്‍ക്കും പണികിട്ടുകയും ചെയ്തു; കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ സംബന്ധിച്ച് റിമ കല്ലിങ്കല്‍

Rima-Kallingalമലയാള സിനിമയെ ഒന്നാകെ പിടിച്ചുലച്ച വാര്‍ത്തയായിരുന്നു കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിനിരയായത്. എന്നാല്‍ ആത്മധൈര്യം കൈവിടാത്ത നടി തനിക്കു സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് ശക്തമായ പ്രതികരണം നടത്തി. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ക്കെതിരെ വേണ്ടരീതിയിലുള്ള നടപടിയെടുക്കാനും അധികൃതര്‍ക്കായി. ആക്രമണത്തിനിരയായ നടിയുടെ സഹപ്രവര്‍ത്തകരായ നടിമാരാണ് അവര്‍ക്ക് ധൈര്യം കൊടുത്ത് സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നതെന്നും നടി വ്യക്തമാക്കിയിരുന്നു. ആക്രമണത്തിനിരയായ നടിയുടെ സുഹൃത്തുകൂടിയായ റിമ കല്ലിങ്കല്‍ അന്നത്തെ ആ സംഭവത്തിനുശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നതിപ്രകാരമാണ്.

‘ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ വാഗമണ്ണില്ലായിരുന്നു ആഷിക്കും ഞാനുമൊക്കെ. ടിവിയില് ഇങ്ങനെ കാണുകയാണ്. കൂട്ടത്തില്‍ ആരോ പറഞ്ഞു, ‘പേടിക്കണ്ട, അത് ചെറിയ എന്തെങ്കിലും സംഭവായിരിക്കും.’ ഉടന്‍ അവളെ വിളിച്ചു. കിട്ടിയില്ല. പിന്നെ സയനോരയെ വിളിച്ചു. സയനോരയും രമ്യാ നമ്പീശനും അവളും വലിയ കൂട്ടാണ്. സയനോരയ്ക്കും അവളെ കിട്ടിയിട്ടില്ല. ഞാന്‍ എറണാകുളത്ത് തിരിച്ചെത്തിയപ്പോഴേക്കും ഗീതുവും മഞ്ജുവും അവളെ കാണാന്‍ പോയിരുന്നു. ഗീതുവിനോട് ചോദിച്ചു, ”ഞാന്‍ പോണോ?” എന്താ അവളുടെ കണ്ടീഷന്‍ എന്നറിയില്ലല്ലോ. പിന്നെയാണ് രമ്യ വിളിച്ചത്. രമ്യ പറഞ്ഞു, ”നീ വാ..എല്ലാവരും വാ..അവള്‍ ഒറ്റയ്ക്കാവരുത്.” ഞാന്‍ പോയി. അവളെ കണ്ടു. അവള്‍ ഞങ്ങളെക്കാളൊക്കെ സ്ട്രോങ്ങായിരുന്നു. ആ സമയത്ത് ഞാന്‍ മാധ്യമങ്ങള്‍ക്ക് എതിരായി പ്രതികരിച്ചിരുന്നു.

അതു വേണോ എന്ന ചോദ്യമുണ്ടായി. എങ്ങനെ പ്രതികരിക്കാതിരിക്കും? ഒരു ചാനല്‍ സ്വഭാവഹത്യ നടത്തുന്ന വിധത്തിലാണ്  അവളെക്കുറിച്ച് വാര്‍ത്ത കൊടുത്തത്. അവള്‍ ശരിക്കും ഒരു ഹീറോ ആണ്. ആ കാണിച്ച ധൈര്യംകൊണ്ടാണ് അവള്‍ ഇന്നും ജീവിക്കുന്നത്. കണ്ടു പഠിക്കണം അവളെ. സിനിമയില്‍ ചിലര്‍ക്കെതിരെ പ്രതികരിച്ചതിന് ഇപ്പോള്‍ തന്നെ പണികിട്ടിത്തുടങ്ങിയിട്ടുണ്ട്. ചിലര്‍ക്കൊക്കെ റോള്‍ നഷ്ടപ്പെടുത്തുന്നുണ്ട്, ചിലരെ ഒറ്റപ്പെടുത്തുന്നുണ്ട് അതെല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എളുപ്പമാണ്  സ്ത്രീകളെ ഒറ്റപ്പെടുത്താന്‍. കുറച്ചുപേരല്ലേ ഉള്ളൂ. എല്ലാവരും ഒന്നിച്ചു നിന്നേ പറ്റൂ. അത് കുറേപ്പേരെ അസ്വസ്ഥമാക്കുമെന്ന് ഉറപ്പാണ്. ടിവി ഷോ ചെയ്യുന്നു എന്നതിന്റെ പേരിലും മറ്റൊരിക്കല്‍ കാരവാന്‍ ചോദിച്ചതിന്റെ പേരിലും ഒട്ടേറെ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതിന്റെ അഹങ്കാരം കൊണ്ടാണെന്നൊക്കെ ആളുകള്‍ പറഞ്ഞു. പക്ഷേ എനിക്ക് പറയാനുള്ളതൊക്കെ പറയുക തന്നെ ചെയ്തിട്ടുണ്ട്.’ റിമ പറയുന്നു.

Related posts