എക്‌സിക്യൂട്ടീവിലെ അംഗങ്ങളായ രചനയും ഹണി റോസും എന്താണ് ചെയ്യുന്നത്! ഞാന്‍ അമ്മയുടെ പുറത്തുനിന്ന് പ്രവര്‍ത്തിച്ചോളാം; ഫെമിനിച്ചി എന്ന വിളിയില്‍ അഭിമാനമുണ്ട്; നയം വ്യക്തമാക്കി റിമ കല്ലിങ്കല്‍

മലയാള സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് താരസംഘടന അമ്മയും ഡബ്ലുസിസിയും തമ്മിലുള്ള കലഹം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടന സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് നടിമാരുടെ സംഘടനയായ ഡബ്ലുസിസി എതിര്‍പ്പ് പ്രകടിപ്പിച്ച് തുടങ്ങിയത്.

പിന്നീട് ദിലീപിന്റെ കേസില്‍ അമ്മ നാടകം കളിക്കുകയാണെന്ന് ആരോപിച്ചും ഡബ്ലുസിസി രംഗത്തെത്തി. രാജി വച്ചുപോയ നടിമാര്‍ മാപ്പ് പറയാന്‍ തയാറാണെങ്കില്‍ തിരിച്ചെടുക്കാമെന്ന അമ്മ സംഘടനയുടെ നിലപാടും അവരെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് കൃത്യവും വ്യക്തവുമായി പ്രസ്താവിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. റിമയുടെ വാക്കുകള്‍ ഇങ്ങനെ..

‘എല്ലാം കഴിഞ്ഞ് ജോലി ഇല്ലാതിരിക്കുമ്പോള്‍, പ്രായമാകുമ്പോള്‍ അഭിനേതാക്കളെ സഹായിക്കാന്‍ എ.എം.എം.എ പ്രവര്‍ത്തിക്കുന്നുണ്ട്. അതുമാത്രം പോര, നിലനില്‍ക്കുന്നവരുടെ പ്രശ്‌നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ തയാറാകണം. ഒരുപാട് പേര്‍ എ.എം.എം.എക്ക് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. ഞാനും അവിടെനിന്ന് എന്റെ പണി ചെയ്‌തോളാം. എനിക്കപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടാകും. ശബ്ദമുണ്ടാകും.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്‍പ്പെടെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരെയും റിമ വിമര്‍ശിച്ചു. അവര്‍ തിരഞ്ഞെടുക്കുന്ന രണ്ട് സ്ത്രീകള്‍ എ.എം.എം.എയുടെ നിലപാടുകളെ പൂര്‍ണമായും അംഗീകരിക്കുന്ന രണ്ടുപേരായിരിക്കും. ആ രണ്ട് വനിതാപ്രതിനിധികള്‍ എന്തെങ്കിലും മാറ്റം കൊണ്ടുവന്നതായിട്ട് ഞാന്‍ കണ്ടിട്ടില്ല. പോട്ടെ, എന്തെങ്കിലുമൊരു വിയോജിപ്പ് യോഗത്തില്‍ പ്രകടിപ്പിച്ചിട്ടുപോലുമില്ല. രണ്ട് സ്ത്രീകളുടെ പ്രാതിനിധ്യം വേണമെന്നതുകൊണ്ടുമാത്രം രണ്ടുപേരെ അവിടെ ഇരുത്തിയിട്ടുള്ളതാണ്.

ഒരു രീതിയിലും തീരുമാനമെടുക്കാവുന്ന സ്ഥാനത്ത് സ്ത്രീകളെ എത്തിക്കില്ല. ആകെ എ.എം.എം.എയുടെ യോഗത്തില്‍ എന്തെങ്കിലും ചെയ്തുകണ്ടിട്ടുള്ള അഭിനേത്രി പാര്‍വതിയാണ്. ഒരു മീറ്റിങ്ങില്‍ പാര്‍വതി ഒരിക്കല്‍ ഒരു സൈനിങ് നടത്തി. ഹെയര്‍ ഡ്രസേഴ്‌സ് അടക്കമുള്ള എല്ലാ സ്ത്രീകള്‍ക്കും ബാത്‌റൂം സൗകര്യം വേണമെന്നും പറഞ്ഞ് ഒപ്പുകള്‍ ശേഖരിച്ചു. യോഗത്തില്‍ സബ്മിറ്റ് ചെയ്തിട്ടിപ്പോള്‍ മൂന്ന് വര്‍ഷമായി. ആ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല”

സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ സ്ത്രീകളുടെ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ അവരെ വേശ്യയെന്ന് വിളിക്കുന്നു. വിച്ച് എന്ന് വിളിക്കുന്നു, ഇപ്പോഴിതാ ഫെമിനിച്ച് എന്ന് വിളിക്കുന്നു. ഫെമിനിച്ച് എന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനമുണ്ട്’.

Related posts