കിടിലന്‍ സെഞ്ചുറി! ഡോണ്‍ ബ്രാഡ്മാന് ഒപ്പം ഹിറ്റ്മാന്‍, രോഹിത്തിന് അപൂര്‍വ റെക്കോര്‍ഡ്

ഏറെക്കാലമായി ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായിരുന്നു ഓപ്പണിംഗ്. മികച്ചൊരു ഓപ്പണിംഗ് സഖ്യം ഇല്ലാത്തത് ഇന്ത്യയെ കുറച്ചൊന്നുമല്ല അലട്ടിയിരുന്നത്. ഏകദിനത്തില്‍ ഏറെക്കാലമായി മികച്ച ഓപ്പണറായി അരങ്ങു തകര്‍ക്കുമ്പോഴും ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ രോഹിതിനു സാധിച്ചിരുന്നില്ല. ടെസ്റ്റില്‍ ഇതുവരെ മധ്യനിരയിലായിരുന്നു രോഹിത്തിന്റെ സ്ഥാനം.

എന്നാല്‍ മധ്യനിരയിലേക്ക് ഹനുമ വിഹാരി എത്തിയതോടെയാണ് ഓപ്പണറായി രോഹിത്തിന് സ്ഥാനക്കയറ്റം കിട്ടിയത്. വീണുകിട്ടിയ അവസരം ശരിക്കും മുതലാക്കിയ രോഹിത് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു. ഇതോടെ രോഹിത്തിനെ തേടിയെത്തിയത് അസുലഭമായൊരു റെക്കോര്‍ഡാണ്.

ഹോം മല്‍സരങ്ങളിലെ 15 ഇന്നിംഗ്‌സില്‍ നിന്നായി 884 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 98.22 ശരാശരി. സര്‍ ബ്രാഡ്മാന്റെ അതേ ശരാശരി. 50 ഹോം ഇന്നിംഗ്‌സുകളില്‍ നിന്നായി 4322 റണ്‍സാണ് ബ്രാഡ്മാന്റെ സമ്പാദ്യം.

234 പന്തില്‍ നിന്ന് 176 റണ്‍സ് നേടിയ രോഹിത്ത് ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ 150 പ്ലസ് സ്‌കോറും കണ്ടെത്തി. ഇരട്ടസെഞ്ചുറി തികയ്ക്കാനായില്ലെങ്കിലും ലോകറെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചാണ് രോഹിത് ക്രീസ് വിട്ടത്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ എന്നറിയപ്പെടുന്ന സര്‍ ഡോണള്‍ഡ് ബ്രാഡ്മാന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് രോഹിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ കുറിച്ച സെഞ്ചുറിയടക്കം നാലു ടെസ്റ്റു സെഞ്ചുറികളാണ് രോഹിത്തിന്റെ സമ്പാദ്യം. ടെസ്റ്റ് ഓപ്പണര്‍ വേഷത്തിലെ ആദ്യസെഞ്ചുറിയായിരുന്നു ഇത്.

ഓപ്പണറായി അരങ്ങേറുന്ന ടെസ്റ്റില്‍ സെഞ്ചുറി കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, പ്ര്വിഥ്വി ഷാ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഇവരില്‍ ധവാനും ഷായും അവരുടെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഈ നേട്ടം കൈവരിച്ചു.

തുടര്‍ച്ചയായി ഏറ്റവുമധികം തവണ 50 പ്ലസ് സ്‌കോര്‍ നേടുകയെന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡിനും രോഹിത് ഒപ്പമെത്തി. ഇത് ആറാം തവണയാണ് രോഹിത് തുടര്‍ച്ചയായ 50പ്ലസ് സ്‌കോര്‍ കണ്ടെത്തുന്നത്. 1997-98 വര്‍ഷങ്ങളിലായിരുന്നു ദ്രാവിഡിന്റെ നേട്ടം.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിലയിരുത്തപ്പെടുന്ന ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലിയേക്കാള്‍ മികച്ച ശരാശരിയാണ് രോഹിത്തിനുള്ളത്. നിലവില്‍ ഹോം മല്‍സരങ്ങളില്‍ ഏറ്റവും മികച്ച ശരാശരിയുള്ളതും ഹിറ്റ്മാനു തന്നെ.

2017 നവംബറിനു ശേഷം രോഹിത്തിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്. കേശവ് മഹാരാജിന്റെ പന്തില്‍ ഡീകോക്ക് സ്റ്റംപ് ചെയ്തു പുറത്താകുമ്പോള്‍ 244 പന്തില്‍ നിന്ന് 176 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. 23 ബൗണ്ടറികളും ആറു സിക്‌സും ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു.

Related posts