ഹൃദയം ബാഗിലാക്കിയ യുവാവ്! ബോഡി ബില്‍ഡിംഗ് താരമാകാന്‍ ഹൃദ്രോഗിയായ 26 കാരന്റെ പരിശ്രമം

Untitled-1കൃത്രിമ ഹൃദയം പുറത്ത് വച്ച്‌കെട്ടിക്കൊണ്ടാണ് ഹൃദ്രോഗിയായ ആന്‍ഡ്രൂ ജോണ്‍സ് എന്ന 26കാരന്‍ ജീവിക്കുന്നത്. അല്‍പ്പം ഓടുകയോ മറ്റോ ചെയ്താല്‍ ശ്വാസം കിട്ടാന്‍ ജോണ്‍സിന് വളരെ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. 2012 ലാണ് ഇത് തുടങ്ങിയത്. പ്രൊഫഷണലായി ബോഡി ബില്‍ഡിംഗിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു അത്. 2014 ആയപ്പോഴേയ്ക്കും രക്തം ശര്‍ദ്ധിക്കാനും കടുത്ത പനി അനുഭവപ്പെടാനും തുടങ്ങി. കാര്‍ഡിയോപ്പതി എന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തു. ഇതൊരു പാരമ്പര്യ അസുഖമാണെന്നും ഉടന്‍തന്നെ, എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ജോണ്‍സ് നീങ്ങുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീടാണ് ഹൃദയം മാറ്റി വച്ചില്ലെങ്കില്‍ ഉടന്‍ മരണം സംഭവിക്കുമെന്ന് അറിഞ്ഞത്. ഹൃദയം കിട്ടാനില്ലാത്തതിനാല്‍ കൃത്രിമ ഹൃദയം ജോണ്‍സിന്റെ ശരീരത്തിന് പുറകില്‍ പ്രത്യേകതരം ബാഗിലാക്കി വച്ച് പിടിപ്പിച്ചിരിക്കുകയാണ്.

മരണത്തോട് ഏറ്റുമുട്ടിക്കൊണ്ടുള്ള ജീവിതമാണെങ്കിലും ബോഡി ബില്‍ഡിംഗ് എന്ന തന്റെ സ്വപ്‌നത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ് ജോണ്‍സ്. ഒരോ ദിവസവും പരിശീനത്തിന് ശേഷം ജീവിതം മടക്കിക്കിട്ടിയതിനെ ഓര്‍ത്ത് സന്തോഷം കൊണ്ട് താന്‍ കരഞ്ഞ് പോകാറുണ്ടെന്നും ജോണ്‍സ് പറയുന്നു.

ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്. ജീവിതം മൊത്തത്തില്‍ വെറുത്ത് പോയിരുന്നു. എങ്കിലും പ്രതീക്ഷ പൂര്‍ണ്ണമായും കൈവിട്ടിരുന്നില്ല. ശ്വാസം വിടാനോ, ഉറങ്ങാനോ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ സ്വപ്‌നസാക്ഷാത്കാരത്തിലേക്കുള്ള ഓട്ടത്തിലാണ് ഞാന്‍. ജോണ്‍സ് പറഞ്ഞ് നിര്‍ത്തുന്നു.

Related posts