എന്ത് കാണിച്ചിട്ടും വേണ്ടില്ല എനിക്കൊന്നും വൈറലായാൽ മതിയെന്നാണ് പലരുടേയും വിചാരം. സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ അത്തരക്കാർ ജീവൻ പോലും പണയപ്പെടുത്താൻ തായറാണ്. അത് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളിലും അകത്തുമൊക്കെ നിന്നുകൊണ്ട് പല സാഹസിക വീഡിയോകളും എടുക്കുന്നത് ഇതിനകം നമ്മൾ കണ്ടിട്ടുണ്ട്. ഇതും അത്തരത്തിലൊരു വീഡിയോ ആണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിൽ ഒരു ഹാർനെസ് ഉപയോഗിച്ച് സ്വയം ബന്ധിപ്പിച്ച ശേഷം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. ഹാർബർ ലൈൻസ് കോട്ടൺ ഗ്രീൻ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് വീഡിയോ.
മുംബൈ ഖബർ എന്ന ഉപയോക്താവാണ് വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തി. ബന്ധപ്പെട്ട അധികാരികളിലേക്ക് വിഷയം എത്തിച്ചിട്ടുണ്ടെന്ന് റെയിൽവേ സേവ പ്രതികരിച്ചു. വീഡിയോ എടുക്കുന്നതിനുവേണ്ടി ജീവൻ പോലും നഷ്ടമാകുന്ന തരത്തിൽ പെരുമാറിയെന്ന് കാണിച്ച് യുവാവിനെ ആർപിഎഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റെയിൽവേ ആക്ട് സെക്ഷൻ 145, 145 (ബി) എന്നിവ പ്രകാരം യുവാവിനെതിരേ കേസ് എടുത്തു.
