ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം പത്ത് വോട്ട് കിട്ടുമോയെന്ന്; നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; ബിജെപി കേരളത്തെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്നു; ശബരിമല സ്ത്രീവിഷയത്തിൽ വെള്ളാപ്പള്ളിയുടെ തുറന്നുപറച്ചിൽ

കണിച്ചുകുളങ്ങര: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സമര രംഗത്തുള്ള ബിജെപിക്കെതിരേ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയത്തിൽ സമരം ചെയ്യുന്ന ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇതുവഴി പത്ത് വോട്ട് അക്കൗണ്ടിൽ കിട്ടുമോ എന്നാണ് അവർ നോക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് വിഷയത്തിൽ ഇടപെടുന്നത്. ഇത് തിരിച്ചറിയാൻ ഹിന്ദുക്കൾക്ക് വിവേകം വേണം. വിഷയത്തിൽ ഏതെങ്കിലും ഹിന്ദു സംഘടനകളുമായി നിലവിൽ സമരം ചെയ്യുന്നവർ ചർച്ച നടത്തിയിട്ടുണ്ടോയെന്നും എന്തിനാണ് തെരുവിലിറങ്ങി സർക്കാരിനെതിരേ പ്രചരണം നടത്തുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

വിഷയത്തിൽ പുനപരിശോധനാ ഹർജി നൽകുമെന്ന് നിലപാട് പറയുകയും പിന്നീട് മലക്കം മറിയുകയും ചെയ്ത ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.പത്മകുമാറിനെതിരേ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. എരിതീയിൽ എണ്ണയൊഴിച്ച് കൊടുക്കുന്ന പരിപാടിയാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റേത്. നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ താൻ അഭിനന്ദിക്കുകയാണ്. ശബരിമല വിഷയത്തിൽ രണ്ടു വള്ളത്തിലും കാലുചവിട്ടി നിൽക്കാനാണ് പ്രസിഡന്‍റ് ശ്രമിച്ചത്. സിപിഎം അംഗമായ ദേവസ്വം ബോർഡ് പ്രസിഡന്‍റ് സർക്കാർ നിലപാട് വ്യക്തമാക്കുന്നതിന് മുൻപ് അഭിപ്രായം പറഞ്ഞത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല വിഷയത്തിൽ എന്തിനാണ് ഹിന്ദുക്കൾ തെരുവിലിറങ്ങുന്നതെന്ന് ചോദിച്ച വെള്ളാപ്പള്ളി വിഷയത്തിൽ പുനപരിശോധനാ ഹർജി നൽകിയ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. അതിനെന്തിനാണ് സംസ്ഥാന സർക്കാരിനെതിരേ ഹിന്ദുക്കൾ തെരുവിലിറങ്ങുന്നതെന്നും വിഷയത്തിൽ വിദ്വേഷം പരത്താനുള്ള ശ്രമം ശരിയല്ലെന്നും ഓർമിപ്പിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ദൗർഭാഗ്യകരമാണ്. വിഷയത്തിൽ കൂട്ടായി ചർച്ച ചെയ്ത് എന്ത് നടപടി സ്വീകരിക്കണമെന്നാണ് ആലോചിക്കേണ്ടത്. ഹിന്ദു സംഘടനകളെ എല്ലാം വിളിച്ചുകൂട്ടി വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയാറാകണം. സുപ്രീംകോടതി വിധിയുണ്ടായെന്ന് കണ്ട് സ്ത്രീകളെല്ലാം ശബരിമലയിലേക്ക് പോകുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം വന്നതിന് ശേഷമാണ് തങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിച്ചതെന്ന് പറയുന്നവരാണ് സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ സർക്കാർ വിരുദ്ധ നിലപാടുമായി ഒരു വിഭാഗം മുന്നോട്ടുപോയാൽ യഥാർഥ വസ്തുത ബോധ്യമാക്കാൻ എസ്എൻഡിപിക്കും പ്രചരണം നടത്തേണ്ടി വരും. വിഷയത്തിൽ തെരുവിലിറങ്ങിയിരിക്കുന്നവർ ഈ സമരം എവിടെക്കൊണ്ട് അവസാനിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു.

നിലവിൽ ബിജെപി നടത്തുന്ന സമരം നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെയാണ്. സുപ്രീംകോടതി വിഷയത്തിൽ സർക്കാരിന് എന്ത് ചെയ്യാൻ കഴിയുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. എന്നിട്ടും പ്രതിഷേധങ്ങൾ തുടരുന്നത് എന്തിനാണെന്ന് തനിക്കറിയില്ല. സർക്കാരിനെ താഴെയിറക്കാൻ മാത്രമുള്ള ഗൂഢാലോചനയാണോ പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന് സംശയമുണ്ടെന്നും വിഷയത്തിൽ കുറച്ചെങ്കിലും മാന്യമായ സമീപനം സ്വീകരിച്ചത് കോണ്‍ഗ്രസാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Related posts