കാരവാന്‍ സംസ്‌കാരം സിനിമയെ തകിടംമറിച്ചു! നിര്‍മ്മാണം നിര്‍ത്തി വീട്ടിലിരിക്കാന്‍ തീരുമാനിച്ചതിന് കാരണം പലതാണ്; ഹിറ്റു ചിത്രങ്ങളുടെ നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു

saga.jpg.image.470.246മലയാള സിനിമയ്ക്കിത് തുറന്നു പറച്ചിലുകളുടെ സമയമാണ്. പ്രേക്ഷകര്‍ അറിയാതെ മൂടിവയ്ക്കപ്പെട്ടിരുന്ന പല സത്യങ്ങളും ചുരുളുകളഴിഞ്ഞ് പുറത്തേത്തിക്കൊണ്ടിരിക്കുന്ന സമയം. നടി ആക്രമിക്കപ്പെട്ടതും തുടര്‍ന്ന് ആ കേസില്‍ ജനപ്രിയ നടന്‍ തന്നെ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റലായതുമൊക്കെയാണ് പല തുറന്നു പറച്ചിലുകള്‍ക്കും സിനിമപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. മോഹന്‍ലാല്‍ ചിത്രമായ യോദ്ധയും ദിലീപിന്റെ  ഹിറ്റ് ചിത്രമായ പഞ്ചാബി ഹൗസുമൊക്കെ  നിര്‍മിച്ച സാഗാഫിലിംസിന്റെ ഉടമ അപ്പച്ചന്‍ എന്ന നിര്‍മാതാവാണ് ഇപ്പോള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. സിനിമാ നിര്‍മാണം മതിയാക്കി താന്‍ വീട്ടിലിരിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.

താരങ്ങള്‍ വലുതായപ്പോള്‍ സിനിമ എന്ന ബിസിനസിലേക്ക് പണമിറക്കാതെ വീട്ടിലിരിക്കുകയായിരുന്നു അപ്പച്ചനെപ്പോലുള്ള നിര്‍മാതാക്കള്‍. സിനിമയിലെ കാരവാന്‍ സംസ്‌കാരം ബിസിനസിനെ തകിടം മറിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ‘കാരവാന്‍ വരുന്നതിനു മുമ്പ് ഞങ്ങള്‍ സിനിമയെടുക്കുമ്പോള്‍ നടനും നടിയും മറ്റുള്ള ജോലിക്കാരുമെല്ലാം ഒരു കൂട്ടായ്മയാണ്. ഇപ്പോള്‍ ഒരു ഷോട്ട് കഴിഞ്ഞാല്‍ ഉടന്‍ നായകന്‍ കാരവനിലേയ്ക്ക് പോകുകയാണ്. പിന്നെ എന്താണ് എടുക്കണമെന്നു പോലും തിരിച്ചു വരുമ്പോഴാണ് അറിയുന്നത്. ഏത് ഷോട്ടാണ് എടുക്കണ്ടതെന്ന്. എന്താണെന്നു ചോദിക്കും. കൃത്രിമത്തം മാത്രമായി ഇക്കാലത്തെ സിനിമ. അഭിനയം മാത്രം. റിയാലിറ്റിയില്‍ നിന്ന് അകന്നു പോയി സിനിമ. കഴിഞ്ഞയാഴ്ച നടന്ന സംഭവമാണ്.

ഒരു സൂപ്പര്‍ സ്റ്റാറിന്റെ കാര്യം ഞാന്‍ അറിഞ്ഞത് പറയാം. അദ്ദേഹം കാരവാനില്‍ നിന്ന് ഇറങ്ങണമെങ്കില്‍ കുറഞ്ഞത് നാല് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ പോയി വാതില്‍ക്കല്‍ നില്‍ക്കണം. ഡയറക്ടര്‍ പോയാല്‍ വലിയ സന്തോഷമായി. നേരെ സെറ്റില്‍ വരും. കാമറയ്ക്കടുത്തു വരുന്നു. സ്‌ക്രിപ്റ്റ് നോക്കുന്നു. ചിലതൊക്കെ വെട്ടാന്‍ പറയുന്നു. അയാള്‍ക്കിഷ്ടമുള്ളതൊക്കെ തിരുത്തുന്നു. ഏതെങ്കിലും സീന്‍ ശരിയാകാതെ വന്നാല്‍ ഡയറക്ടര്‍ വന്ന് അത് ഒന്നു കൂടി എടുക്കണമെന്നു പറയുന്നു. അതിനെന്താ കുഴപ്പം? അത് മതി എന്നു പറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ കാരവാനിലേയ്ക്ക് പോകുന്നു. എങ്ങനെ ഈ സിനിമ ജനം സ്വീകരിക്കുമെന്നാണ് പറയുന്നത്’. അപ്പച്ചന്‍ ചോദിക്കുന്നു. ‘ചില ആര്‍ട്ടിസ്റ്റുകളെ വച്ച് സൂര്യോദയം എടുക്കാനാവില്ല. അവര്‍ വരുമ്പോള്‍ പത്തുമണിയാകും. ക്വാളിറ്റിയാണ് അവിടെ പോകുന്നത്. ക്വാളിറ്റി കോംപ്രമൈസ് ചെയ്യുന്നു. അതാണ് ഇന്നത്തെ സിനിമയുടെ പരാജയത്തിന് കാരണം. പഴയ തലമുറയില്‍ പ്രൊഡ്യൂസര്‍ വരുമ്പോള്‍ ആര്‍ട്ടിസ്റ്റ് എഴുന്നേല്‍ക്കും. ഞങ്ങളുടെ കാലത്ത് ഒപ്പം ഇരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ആര്‍ട്ടിസ്റ്റ് വരുമ്പോള്‍ പ്രൊഡ്യൂസര്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി. മൂന്ന് ജനറേഷന്റെ പ്രത്യേകതയാണ് ഇതൊക്കെ.

Related posts