കഥ തുടരുന്നു..! സാലുവിനെ കൊലചെയ്യാന്‍ കാമുകന്‍ ആസൂത്രണം ചെയ്തത് ഒരു മാസം മുമ്പ്; കൊലചെയ്യാന്‍ ഇറച്ചിപ്പാലത്ത് എത്തിച്ചത് കള്ളക്കഥകള്‍ പറഞ്ഞ്

1 salu

സാലുവിനെ കൊലചെയ്യാന്‍ കാമുകന്‍ സലിന്‍ ആസൂത്രണം ചെയ്തത് ഒരു മാസം മുമ്പ്. എങ്ങനെ കൊലപാതകം നടത്താമെന്നും മൃതദേഹം എവിടെ ഒളിപ്പിക്കാമെന്നും പഠനം നടത്താന്‍ ഇയാള്‍ ഇറച്ചിപ്പാലത്തെത്തി. സാലുവിനോട് കട്ടപ്പനയ്ക്കടുത്തുള്ള പുളിയന്മലയില്‍ എത്താനും ആവശ്യപ്പെട്ടു.

പിതാവിനെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ പോകുകയാണെന്നു ഭര്‍ത്താവിനോട് പറഞ്ഞാണ് സാലു വീട്ടില്‍ നിന്നും പുറപ്പെടുന്നത്. കരുന്തരവി എസ്റ്റേറ്റ് മാനേജരുടെ കാറുമായി സലിന്‍ പുളിയന്മലയിലെത്തി. ഇരുവരും ഉത്തമ പാളയത്തെത്തി ലോഡ്ജില്‍ മുറിയെടുത്തു. സാലുവിനെ ഇറച്ചിപ്പാലത്തെത്തിക്കാന്‍ കള്ളക്കഥകള്‍ മെനഞ്ഞു. ഒരുമിച്ച് താമസിക്കാന്‍ ദോഷമുണ്ടെന്നും പ്രതിവിധിയായി ചെറുനാരങ്ങ തലക്കുഴിഞ്ഞ് ഒഴുക്കുള്ള വെള്ളത്തില്‍ നിക്ഷേപിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

അതിനായി രാത്രി 10 മണിയോടെ ഇറച്ചിപ്പാലത്തിന് ഒരു കിലോമീറ്റര്‍ അടുത്തെത്തി വാഹനം നിര്‍ത്തിയിട്ടു. രാത്രി 11 മണിക്ക് ശേഷം വേണം നാരങ്ങ ഒഴുക്കേണ്ടതെന്ന് സാലുവിനെ പറഞ്ഞ് ബോധ്യപ്പെടുത്തി. കാറില്‍ കുറച്ച് സമയം വിശ്രമിച്ചോളാനും പറഞ്ഞു. സീറ്റ് നിവര്‍ത്തിയിട്ട് കിടന്ന സാലു മയക്കത്തിലായി. കഴുത്തില്‍ ഷാള്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയ ശേഷം ഒഴുക്കില്‍ തള്ളി. പിറ്റേന്ന് കാര്‍ കഴുകി വൃത്തിയാക്കി മാനേജര്‍ക്ക് തിരികെ നല്‍കിയശേഷം സാധാരണപോലെ ജോലിയിലും പ്രവേശിച്ചു.

സാലുവിന്റെ കൂട്ടുകാരിയെയാണ് സലിന്‍ വിവാഹം കഴിച്ചത്. സാലുവിനെ സലിന് പരിചയപ്പെടുത്തിയതും കൂട്ടുകാരിയാണ്. അങ്ങനെ ഇരുവരും പ്രണയമായി. തിങ്കള്‍ക്കാട്ടില്‍ നിന്ന് ഇടയ്ക്കിടെ സാലു ഉപ്പുതറയിലെത്തിയതോടെ ബന്ധം കൂടുതല്‍ ദൃഡമായി.

രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടുവട്ടം സലിനെ ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിക്കാന്‍ തയാറായില്ല. കൂടുതല്‍ തെളിവുകള്‍ നിരത്തിയതോടെ സലിന് കുറ്റം സമ്മതിക്കേണ്ടി വന്നു. സാലുവിന്റെയും സലിന്റെയും സിംകാര്‍ഡുകളുമായി ബന്ധപ്പെട്ട് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. സലിന്റെ കൈവശമുണ്ടായിരുന്ന സിംകാര്‍ഡാണ് സാലുവിന് നല്‍കിയത്. സാലുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കിയത് കഴിഞ്ഞ മാസം 18 ന് ആയിരുന്നു.

Related posts