ഒരു സിനിമ കണ്ടിറങ്ങിയശേഷം അതിലെ നടനെ അഭിനന്ദിക്കണമെന്ന് തോന്നുന്നത് അപൂര്‍വമാണ്! രണ്ടര മണിക്കൂര്‍ കഴിയുമ്പോള്‍ കുറ്റബോധത്താല്‍ തല കുനിഞ്ഞിരിക്കും; മേരിക്കുട്ടിയ്ക്ക് അഭിനന്ദനവുമായി ശാരദക്കുട്ടി

‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തെയും നടന്‍ ജയസൂര്യയെയും അഭിനന്ദിച്ച് പലരും രംഗത്തെത്തുന്നുണ്ട്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍, തിയറ്ററിലെത്തി സിനിമകണ്ട്, ജയസൂര്യയെയും സിനിമയെയും അഭിനന്ദിക്കുകയുണ്ടായി.

സിനിമ തനിക്കും ഏറെ ഇഷ്ടപ്പെട്ടെന്നും ട്രാന്‍സ് സെക്വഷ്യല്‍ വിഭാഗത്തില്‍ പെട്ട ഒരു സിനിമ ഇത്രയും യാഥാര്‍ത്ഥ്യത്തോട് ബന്ധപ്പെടുത്തി അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് ഇപ്പോഴാണ് മനസിലായതെന്നും തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ശാരദക്കുട്ടി.

പതിവു കച്ചവടസിനിമകളില്‍ നിന്നു വ്യത്യസ്തമായാണ് ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം അവതരിപ്പിക്കുന്നതെന്നും. ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ചയല്ല എന്ന് ജയസൂര്യ എത്ര മനോഹരമായി കാണിച്ചു തന്നെന്നും ശാരദകുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഒരു പക്ഷേ കച്ചവട സിനിമകള്‍ ഏറ്റവും അശ്ലീലമായി അവതരിപ്പിച്ചിട്ടുള്ളത് ട്രാന്‍സ് ജെന്‍ഡറുകളുടെ അവസ്ഥയാകാം. ആണും പെണ്ണും കെട്ട എന്ന പ്രയോഗമാകാം സിനിമകളിലെ ലിംഗാധികാരത്തിന്റെ ഏറ്റവും അറപ്പുളവാക്കുന്ന പദപ്രയോഗവും.

പതിവു കച്ചവടസിനിമകളില്‍ നിന്നു വ്യത്യസ്തമായാണ് ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം അവതരിപ്പിക്കുന്നത്. ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ചയല്ല എന്ന് ജയസൂര്യ എത്ര മനോഹരമായാണ് കാണിച്ചു തന്നത്. എത്ര ഗ്രേസ്ഫുള്‍ ആണ് മേരിക്കുട്ടിയുടെ ചലനങ്ങള്‍. അവളുടെ സംഘര്‍ഷാവസ്ഥകള്‍ക്കും സന്തോഷങ്ങള്‍ക്കും എന്തൊരു, സ്വാഭാവികത.

പെണ്‍ശരീരത്തിന്റെ ചലനങ്ങള്‍, അനാവശ്യമായ പുളയലുകളും കുണുക്കങ്ങളുമില്ലാതെ തന്നെ ഒരു പുരുഷന്‍ അവതരിപ്പിക്കുന്നത് ഒരു പക്ഷേ ഈ ഗണത്തില്‍പ്പെട്ട മലയാള സിനിമകളില്‍ മുന്‍പ് കണ്ടിട്ടുണ്ടാവില്ല.

ജോഗ് ചെയ്യുന്ന മേരിക്കുട്ടി, നൃത്തം ചെയ്യുന്ന മേരിക്കുട്ടി, കൂട്ടുകാരിയുടെ മകളുടെ മുടി കോതിപ്പിന്നിക്കൊടുക്കുന്ന മേരിക്കുട്ടി, തികച്ചും സ്വാഭാവികമായ ചലനങ്ങള്‍. ഒരു സിനിമ കണ്ടിറങ്ങിയ ഉടനെ തന്നെ അതിലെ അഭിനേതാവിനെ നേരില്‍ കണ്ട് അഭിനന്ദിക്കണമെന്ന് അപൂര്‍വ്വമായേ തോന്നാറുള്ളു. പ്രിയപ്പെട്ട ജയസൂര്യ, നിങ്ങളെ നേരില്‍ കാണണമെന്നും അഭിനന്ദിക്കണമെന്നും തോന്നി.

ട്രാന്‍സ് ജെന്‍ഡറുകള്‍ നേരിടുന്ന പൊള്ളുന്ന അവസ്ഥകളെ അതിന്റെ എല്ലാ ഭയാനകതകളോടും കൂടി ചലച്ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്. സിനിമ മുന്നോട്ടു വെക്കുന്ന സന്ദേശത്തിന് വലുതായ പ്രസക്തിയുണ്ട്. ഒരു വാണിജ്യ സിനിമയില്‍ നിന്നു പ്രതീക്ഷിക്കാനാവാത്ത ഒതുക്കവും മുറുക്കവും മിഴിവും നല്‍കിത്തന്നെയാണ് സിനിമയുടെ മുഴുവന്‍ ടീമും പ്രവര്‍ത്തിക്കുന്നത്. പാളിപ്പോകാതിരിക്കാനുള്ള പരമാവധി ശ്രദ്ധയുണ്ട്. എല്ലാവരും തീര്‍ച്ചയായും കാണണം ഈ ചിത്രം.

കലാപരമായ മേന്മയുടെ പേരിലല്ല, സാമൂഹിക നീതി ഉറപ്പിക്കുന്നതില്‍ ഭാഗഭാക്കാകുന്നതിന് വേണ്ടി. ഒരു പ്രായശ്ചിത്തമെന്ന മട്ടില്‍. രണ്ടര മണിക്കൂര്‍ കഴിയുമ്പോള്‍, കുറ്റബോധത്താല്‍ തല കുനിയുകയെങ്കിലും ചെയ്താല്‍ അത്രയും നന്ന്, ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Related posts