രക്ഷപെട്ടു! പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക; ഫോണ്‍കെണി കേസില്‍ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍; ശശീന്ദ്രന് മന്ത്രിയാകാന്‍ ഇനി തടസങ്ങളില്ലെന്ന് ടി.പി.പീതാംബരന്‍

തിരുവനന്തപുരം: ഫോൺകെണി കേസിൽ മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന മാധ്യമ പ്രവർത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു.

കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് സമർപ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജിയും കോടതി തള്ളി. തനിക്കു പരാതിയില്ലെന്നും ഫോണിൽ തന്നോട് അശ്ലീല സംഭാഷണം നടത്തിയ ആൾ ശശീന്ദ്രനാണോ എന്നറിയില്ലെന്നും പരാതിക്കാരിയായ ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വാർത്തയിൽ 2016 നവംബർ എട്ടിനു പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവർത്തകയോട് മന്ത്രിയായിരിക്കെ ശശീന്ദ്രൻ മോശമായി പെരുമാറിയെന്നായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരിൽ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോൺ സംഭാഷണം സ്വകാര്യ വാർത്താ ചാനലാണ് പുറത്തുവിട്ടത്. ഇതേത്തുടർന്ന്, ആരോപണമുയർന്ന ഘട്ടത്തിൽ തന്നെ ധാർമികത ഉയർത്തിക്കാട്ടി ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയായിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് ചാനൽ ഒരുക്കിയ കെണിയിൽ ശശീന്ദ്രൻ കുടുങ്ങുകയായിരുന്നുവെന്ന് തെളിഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ചാനൽ മേധാവിയടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ശശീന്ദ്രന് മന്ത്രിയാകാൻ ഇനി തടസങ്ങളില്ലെന്ന് ടി.പി.പീതാംബരൻ

കോട്ടയം: ഫോൺകെണി കേസിൽ കുറ്റവിമുക്തനായതോടെ എ.കെ.ശശീന്ദ്രന് മന്ത്രിയാകാൻ ഇനി തടസങ്ങൾ ഇല്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ. നിലവിലെ സാഹചര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നു പറഞ്ഞ അദ്ദേഹം പാർട്ടിയിൽ ഒരാൾക്കും ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ എതിർപ്പില്ലെന്നും പറഞ്ഞു.

Related posts