സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഉടമ പശുവിനെ വിറ്റ് ഉടമ ! കിലോമീറ്ററുകളോളം ഓടി പശുവിനെ കൊണ്ടുപോയ വാഹനം തടഞ്ഞ് കാള; സോഷ്യല്‍ മീഡിയയുടെ മനസ്സു നിറച്ച് അപൂര്‍വ സ്‌നേഹത്തിന്റെ കഥ; ഒടുവില്‍ സിനിമയെ വെല്ലുന്ന ക്ലൈമാക്‌സും…

ഈ കോവിഡ് കാലത്തും പലയിടത്തു നിന്നും നന്മയുടെയും സ്‌നേഹത്തിന്റെയും വാര്‍ത്തകള്‍ വരുന്നത് ലോകത്തിനു തന്നെ പ്രതീക്ഷയാണ്. മധുരയില്‍ നിന്നുള്ള അമ്പലക്കാളയുടെയും സ്‌നേഹത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്.

ഉടമ വിറ്റ പശുവിനെ കൊണ്ടുപോയ വാഹനത്തെ കാള ഒരു കിലോമീറ്ററിലധികം ദൂരം പിന്തുടര്‍ന്നു തടഞ്ഞുനിര്‍ത്തുകയായിരുന്നു.

ഒടുവില്‍ സംഭവം വലിയ വാര്‍ത്തയായതോടെ കൂടുതല്‍ പേര്‍ ഇടപെടുകയും പശുവിന്റെയും കാളയുടെയും സ്നേഹത്തിന്റെ ആഴം മനസിലാക്കി ഇരുവരെയും ഒന്നിപ്പിക്കുകയും ചെയ്തു.

മധുര പാലമേടിലെ ചായക്കടക്കാരന്‍ മുനിയാണ്ടി രാജയാണ് ലക്ഷ്മിയെന്ന പശുവിന്റെ ഉടമ. തൊട്ടടുത്ത ക്ഷേത്രത്തിലെ മഞ്ചുമലൈയെന്ന് വിളിക്കുന്ന അമ്പലക്കാളയാകട്ടെ ലക്ഷ്മിയുടെ സുഹൃത്തും.

ഇരുവരെയും മുനിയാണ്ടി തന്നെയാണു പരിപാലിച്ചിരുന്നത്. രാവും പകലും ലക്ഷ്മിയും മഞ്ചുമലൈയും ഒരുമിച്ച് ചുറ്റിക്കറങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു.

ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുനിയാണ്ടി ലക്ഷ്മിയെ കഴിഞ്ഞദിവസം വിറ്റത്. കച്ചവടക്കാരന്‍ ലക്ഷ്മിയെ വാഹനത്തില്‍ കയറ്റുന്നത് കണ്ടതോടെയാണ് കാളയുടെ മട്ട് മാറിയത്. വാഹനം മുന്നോട്ടുനീങ്ങിയതോടെ കാളയും പുറകെ കൂടി.

ഒരു കിലോമീറ്ററിലേറെ വാഹനത്തിന് പുറകെ കുതിച്ച് ലക്ഷ്മി പശുവിനെ കയറ്റിയ മിനിലോറി കാള തടഞ്ഞു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഉപമുഖ്യമന്ത്രിയുടെ മകന്‍ പശുവിനെ കച്ചടക്കാരില്‍ നിന്നും പണം കൊടുത്തുവാങ്ങുകയും പിന്നീട് ക്ഷേത്രത്തിനു ദാനം ചെയ്യുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് ഈ അപൂര്‍വ സൗഹൃദം വീണ്ടും പൂത്തുലയുകയായിരുന്നു. അങ്ങനെ സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിനൊടുവില്‍ മഞ്ചുമലൈക്ക് ലക്ഷ്മിയെ തിരികെ കിട്ടുകയും ചെയ്തു.

Related posts

Leave a Comment