ചങ്ങനാശേരി: തുടര്‍ച്ചയായി നാലു വര്‍ഷങ്ങള്‍ മോണോ ആക്ടില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി ആല്വിന് ജോസഫ് ചരിത്രംകുറിച്ചു. ചാക്യാര്‍കൂത്തിന് തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങള്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി ശ്രദ്ധേയനായ പ്രതിഭയുമാണ് ഈ കൗമാരകലാകാരന്.
കെസിഎസ്എല്‍ സംസ്ഥാന തലത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് ഒന്നാം സ്ഥാനവും കെസിവൈഎം സംസ്ഥാനതല മോണോ ആക്ടിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആല്വിന് അഭിനയരംഗത്തെ മികവ് എല്ലാ മേഖലകളിലും തെളിയിച്ചു.
കെസിഎസ്എല്‍ സംസ്ഥാനതല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആല്വിന് കെസിഎസ്എൽ സംസ്ഥാനതല ചാവറ പ്രസംഗമത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മൂന്നാറില്‍ നടന്ന ഡിസിഎല്‍ സംസ്ഥാനതല ക്യാമ്പില്‍ ബെസ്റ്റ് ക്യാമ്പറായിരുന്നു. എന്‍സിസി എ ഗ്രേഡോടെ എ സര്‍ട്ടിഫിക്കറ്റ് നേടിയ ആല്വിന് ബെല്‍ഗാമില്‍ നടന്ന ഓള് ഇന്ത്യ ട്രക്കിംഗ് ക്യാമ്പിലും ഏഴിമലയില്‍ നടന്ന ഓള് ഇന്ത്യ നേവല്‍ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.
എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥിയാണ് ആല്വിന്. അമ്മ അല്‍ഫോന്‍സ ജോസഫ് സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികയാണ്. അച്ഛൻ ബോബന് സേവ്യര്‍ പോളണ്ടില്‍ ജോലി ചെയ്യുന്നു. ആല്‍വിന്റെ സഹോദരന് എസ്ബി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി എബിന് ജില്ലാതല കഥാപ്രസംഗം മത്സരത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി മികവ് തെളിയിച്ചിട്ടുണ്ട്.
