രാജകുമാരി: രാജകുമാരി പഞ്ചായത്തിലെ നടുമറ്റത്ത് പകൽ തസ്കര സംഘം വീട്ടിൽ കയറി വയോധിയെ കെട്ടിയിട്ട് മോഷണം നടത്തി.നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. ടോമിയുടെ മാതാവ് മറിയക്കുട്ടി (80) മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ഒരു സ്ത്രീ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് വീട്ടിലെത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊൺമേശയിൽ കെട്ടിയിടുകയായിരുന്നു.
തുടർന്ന് മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന എട്ടു ഗ്രാം തൂക്കം വരുന്ന മൂന്നു മോതിരങ്ങൾ ഊരിയെടുക്കുകയും അലമാരയിൽനിന്ന് 3,000 രൂപ കവരുകയും ചെയ്തു.
ഇതിനിടെ കെട്ടഴിച്ച് പുറത്തേക്ക് ഓടിയ മറിയക്കുട്ടി ഒച്ചവച്ച് ആളെക്കൂട്ടി. സമീപത്തെ പുരയിടത്തിൽ തടിപ്പണി ചെയ്തിരുന്നവർ എത്തിയപ്പോഴേക്കും തസ്കരന്മാർ ഓടി രക്ഷപ്പെട്ടിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് രാജാക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
