കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് മൂന്നു മെഡിക്കൽ വിദ്യാർഥികൾ തത്ക്ഷണം മരിച്ചു. സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇന്നു പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.മലബാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളായ നന്ദകിഷോർ, അഭിയാൻ വർമ, അഭിനവ് സുരേഷ് എന്നിവരാണ് മരണമടഞ്ഞത്.
ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇലക്്ട്രിക് പോസ്റ്റിൽ ഇടിച്ചശേഷം മതിലിൽ ഇടിക്കുകയായിരുന്നു എന്നാണു വിവരം. മൂന്നുപേരും തത്ക്ഷണം മരിച്ചു. അതുവഴി പോവുകയായിരുന്ന ഓട്ടോക്കാരനാണ് അപകടത്തിൽപ്പെട്ടവരെ കണ്ടത്. ഉടൻതന്ന നാട്ടുകാരെ അറിയിച്ചശേഷം പോലീസും ചേർന്നാണ് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
അപകടത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാനായി പോലീസ് സമീപത്തെ സിസിടിവി ഫുട്ടേജുകൾ പരിശോധിച്ചു വരുകയാണ്. അപകടം നടന്ന സ്ഥലം പോലീസ് വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്.ഇവർ സഞ്ചരിച്ച ബൈക്കിന്റെ പിൻവശം തകർന്നതാണ് ദുരൂഹതയുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനം.
സമീപത്തെ സിസിടിവി പരിശോധിച്ചെങ്കിലും അത്തരത്തിൽ പിറകിൽ വാഹനങ്ങൾ ഇടിച്ചില്ലെന്ന സൂചനയാണ് ലഭിച്ചതെന്നാണു പോലീസ് പറയുന്നത്.എന്നാൽ, പൂർണമായ അന്വേഷണം കഴിഞ്ഞാലെ വിശദമായി പറയാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
