സംഘടനയെ വളര്‍ത്താന്‍ റീ അഡ്മിഷന്‍ തകൃതിയായി നടക്കുന്നു ! പരീക്ഷ ജയിക്കാന്‍ എല്ലാവിധ സഹായവുമായി ഇടത് അധ്യാപകരും; യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ നേതാക്കളുടെ സ്വര്‍ഗമാകുന്നത് ഇങ്ങനെ…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ സംഘടന വളര്‍ത്താന്‍ എസ്എഫ്‌ഐ സ്വീകരിക്കുന്നത് റീ അഡ്മിഷന്‍ തന്ത്രം. 30 വയസ് കഴിഞ്ഞവര്‍ പോലും റീ അഡ്മിഷന്റെ ബലത്തില്‍ ഇപ്പോള്‍ കോളജില്‍ പഠിക്കുന്നുണ്ട്. ഉദ്ദേശ്യങ്ങളില്‍ പഠിക്കുക എന്നതൊഴികെയുള്ള എല്ലാമുണ്ട്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് പ്രിന്‍സിപ്പല്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷനിലൂടെയാണ് മിക്ക എസ്എഫ്‌ഐ നേതാക്കളും കോളജില്‍ പ്രവേശനം നേടുന്നത്. അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍.

രസമെന്തെന്ന് വച്ചാല്‍ സ്‌പോട്ട് അഡ്മിഷന്റെ അറിയിപ്പ് കോളജിനു പുറത്തേക്ക് പോകില്ലയെന്നതാണ്. ഏതെങ്കിലും വിദ്യാര്‍ഥി വിവരമറിഞ്ഞ് കോളജിലെത്തിയാല്‍ നേതാക്കള്‍ കോളജ് ഗേറ്റില്‍ തടഞ്ഞുവച്ച് തിരിച്ചയയ്ക്കും. അല്ലെങ്കില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കും. ഇടതു അനുഭാവികളായ അധ്യാപകര്‍ അകമഴിഞ്ഞു സഹായിക്കുന്നതിനാല്‍ എസ്എഫ്‌ഐക്കാര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടപടികള്‍ എളുപ്പത്തിലാകും.

എസ്എഫ്‌ഐയെ വളര്‍ത്താനുള്ള മറ്റൊരു മാര്‍ഗമാണ് റീ അഡ്മിഷന്‍. ശാരീരിക അവശത കാരണമോ മറ്റെന്തെങ്കിലും ഗൗരവമുള്ള കാരണത്താലോ ഹാജര്‍ ലഭിക്കാതിരിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാനാണ് റീ അഡ്മിഷന്‍ നടത്തുന്നത്. ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് എസ്എഫ്‌ഐയും. റീ അഡ്മിഷന്‍ കിട്ടണമെങ്കില്‍ വകുപ്പ് മേധാവി, പ്രിന്‍സിപ്പല്‍, സര്‍വകലാശാല എന്നിവരുടെ അനുമതി വേണം. എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഇതു പ്രയാസമുള്ള കാര്യമല്ല. എസ്എഫ്‌ഐ നേതാക്കള്‍ റീ അഡ്മിഷനെടുത്തു വര്‍ഷങ്ങളോളം കോളജിലുണ്ടാകും.

ആദ്യം പ്രവേശനം നേടുന്ന കോഴ്‌സിന്റെ കാലാവധി അവസാനിക്കാറാകുമ്പോള്‍ റീ അഡ്മിഷന്‍ എടുത്ത് ആദ്യം മുതല്‍ വീണ്ടും പഠിക്കും. അങ്ങനെ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷമെടുക്കും. അതു കഴിഞ്ഞാല്‍ ബിരുദാനന്തര ബിരുദത്തിന് അടുത്ത കോഴ്‌സിനു ചേരും. പുസ്തകം തുറന്നുവച്ചു പരീക്ഷയെഴുതാനും പേപ്പര്‍ പുറത്തുകടത്തി ഉത്തരമെഴുതാനും അധ്യാപകരും ജീവനക്കാരും സഹായിക്കുന്നതിനാല്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം നേടാനാകും. പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് ഉറപ്പു നല്‍കി സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വിദ്യാര്‍ഥികളെ ഇറക്കുന്ന രീതിയുമുണ്ട്. വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ രണ്ടാം പ്രതിയായ നിസാമിന് 28 വയസായി. റീ അഡ്മിഷനിലൂടെയാണ് കോളജില്‍ തുടരുന്നത്.

കോളജില്‍ എല്ലാം നിയന്ത്രിക്കുന്നത് ഇടത് അധ്യാപക സംഘടനയിലെ അധ്യാപകരാണ്. പ്രവേശന നടപടികളിലും സെക്രട്ടറിയേറ്റ് സമരങ്ങളിലും എന്നുവേണ്ട നേതാക്കളെ പരീക്ഷ ജയിപ്പിക്കാന്‍ വരെ നിര്‍ലോഭമായ സഹകരണമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.പുസ്തകം തുറന്നുവച്ചോ, കോപ്പിയടിച്ചോ പരീക്ഷ എഴുതാം. നേതാക്കളുടെ ക്ലാസിന്റെ മേല്‍നോട്ടം ഇടതുസംഘടനയിലെ അധ്യാപകര്‍ക്കായിരിക്കും. സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങള്‍ക്ക് വിദ്യാര്‍ഥികളെ കൂട്ടുന്നതിനും അധ്യാപകരുടെ പിന്തുണ ലഭിക്കും. പരാതി പറഞ്ഞാലും അധ്യാപകര്‍ മുഖവിലയ്‌ക്കെടുക്കില്ല.

എന്നാല്‍ ഇതിനോട് എതിര്‍പ്പുള്ള അധ്യാപകരും വിദ്യാര്‍ഥി നേതാക്കളുമുണ്ട് താനും. എന്നാല്‍ ഇവരെ സംഘടനാ നേതാക്കളും ഇടതു അധ്യാപക സംഘടനയിലെ നേതാക്കളും ഒറ്റപ്പെടുത്തും. എതിര്‍ക്കുന്നവരെ സ്ഥലംമാറ്റും. മാസങ്ങള്‍ക്ക് മുന്‍പ് കോളജില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്ത് എസ്എഫ്‌ഐ നേതാക്കളായിരുന്നു. എസ്എഫ്‌ഐ നേതാക്കളെ എതിര്‍ത്ത ഇടതു സംഘടനയിലെ അധ്യാപകനെ ഉടന്‍ തന്നെ സ്ഥലം മാറ്റി. യൂണിറ്റു കമ്മറ്റിയെ എതിര്‍ക്കുന്ന എസ്എഫ്‌ഐ ജില്ലാ നേതാക്കള്‍ക്കും കിട്ടുക മുട്ടന്‍ പണിയാണ്.

Related posts