മീടുവില്‍ ഒട്ടും വിശ്വാസമില്ല! ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയെങ്കില്‍ അന്നേ ചെരുപ്പെടുത്ത് മുഖത്തടിക്കണമായിരുന്നു; മീടു പരാതിക്കാരോട് നടി ഷക്കീലയ്ക്ക് പറയാനുള്ളത്

ജീവിതസാഹചര്യങ്ങള്‍ മൂലം, ആരും ഏറ്റെടുക്കാന്‍ തയാറാവാത്ത വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുള്ള നടിയാണ് ഷക്കീല. ആവശ്യത്തിനും അനാവശ്യത്തിനും മീടു പോലുള്ള കാമ്പയിനുകളുമായി രംഗത്തെത്തുന്ന നടിമാരോടും സ്ത്രീകളോടും ഷക്കീലയ്ക്ക് ചിലത് പറയാനുണ്ട്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ, മീടു കാമ്പയിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജീവിതത്തില്‍ തളര്‍ന്നുപോയേക്കാവുന്ന ദുരനുഭവങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും അതെല്ലാം വെല്ലുവിളിയായി ഏറ്റെടുത്ത് താന്‍ ജീവിച്ചു കാണിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. മീ ടുവില്‍ തനിക്ക് വിശ്വാസമില്ലെന്നും നടി വ്യക്തമാക്കി. പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു. നടി കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ ഒരുപാട് അഭിനയിച്ചുവെങ്കിലും ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആരുമായും ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു. മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത് പണക്കാരായ പലര്‍ക്കും ഇന്ന് എന്നെ ഓര്‍മ്മയില്ല. കിന്നാരത്തുമ്പികള്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിനയിച്ചത്. പക്ഷേ മനസ്സുകൊണ്ട് ലഭിക്കണമെന്ന് ആഗ്രഹിച്ച വേഷങ്ങള്‍ മലയാളത്തിലോ തമിഴിലോ ലഭിച്ചില്ല.

രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരേയാണ്. കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് എനിക്ക് ക്ഷമിക്കാന്‍ സാധിക്കുകയില്ല. അത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉറങ്ങാന്‍ സാധിക്കാറില്ല’- ഷക്കീല പറയുന്നു.

Related posts