പ്രിയങ്കയ്ക്കായി യുപിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് ഒരുങ്ങുന്നു! 125 വര്‍ഷം പഴക്കമുള്ള ഓഫീസ് കെട്ടിടത്തില്‍ സൗണ്ട് പ്രൂഫ് ഓഡിറ്റോറിയവും വിക്ടോറിയന്‍ രീതിയിലുള്ള ഫര്‍ണിച്ചറുകളും

പ്രിയങ്ക ഗാന്ധി വദ്രയുടെ, സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ള കടന്നു വരവാണ് ഇപ്പോള്‍ രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയായിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് പ്രിയങ്കയുടെ വരവ്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധി നിയുക്തയായിരിക്കുന്നത്. ഇപ്പോഴിതാ പ്രിയങ്കയുടെ രംഗപ്രവേശം സംബന്ധിച്ച മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നു.

പ്രിയങ്കയ്ക്കായി യുപിയില്‍ പ്രത്യേക ഓഫീസ് ഒരുങ്ങുന്നു എന്നതാണത്. പ്രിയങ്കയ്ക്കായി യു.പിയില്‍ പ്രത്യേക ഓഫീസ് തയ്യാറാക്കുന്ന തിരക്കിലാണ് നേതൃത്വം. 125 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് ഓഫീസ് കെട്ടിടം മോടി പിടിപ്പിച്ചാണ് പ്രിയങ്കയ്ക്കായുള്ള ഓഫീസ് ഒരുക്കുന്നത്. പുതിയ രീതിയിലുള്ള സൗണ്ട് പ്രൂഫ് ഓഡിറ്റോറിയവും വിക്ടോറിയന്‍ രീതിയിലുള്ള ഫര്‍ണിച്ചറുകളും ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഈ ഓഫീസില്‍ തന്നെയായിരിക്കും മുറിയൊരുക്കുന്നത്. പ്രസ് ബ്രീഫിങ്ങിനും പാര്‍ട്ടി മീറ്റിങ്ങുകള്‍ക്കുമായി പ്രത്യേക മുറികളും കെട്ടിടത്തില്‍ സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്. നേരത്തെ യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറും മീഡിയ ഇന്‍ ചാര്‍ജ് രാജീവ് ഭക്ഷിയും ഇതേ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. കോണ്‍ഗ്രസിന്റെ പുതിയ മീഡിയാ ടീമും ഇതേ ഓഫീസില്‍ ഉണ്ടാകും.

കഴിഞ്ഞ ജൂണില്‍ യു.പി കോണ്‍ഗ്രസ് നേതൃത്വം മീഡിയ ടീമിനായുള്ള ഇന്റര്‍വ്യൂയും പ്രത്യേക പരീക്ഷയും നടത്തിയിരുന്നു. ഓഫീസ് മോടിപിടിപ്പിച്ചു കഴിഞ്ഞെന്നും വലിയ അനൗണ്‍സ്മെന്റിന് വേണ്ടി കാത്തിരിക്കുകയാണ് തങ്ങളെന്നും കോണ്‍ഗ്രസ് വക്താവ് സീശന്‍ ഹൈദര്‍ പറഞ്ഞു. ‘ കെട്ടിടം പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. പുതിയ ഫര്‍ണിച്ചറുകളും മറ്റും ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു. പ്രിയങ്കയുടെ പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും ഓഫീസിന് ചുറ്റുമായി സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രിയങ്കയുടെ വരവ് വലിയ ആവേശമാണ് പാര്‍ട്ടിയ്ക്കുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നതിന്റെ സൂചനയാണിതെല്ലാം.

Related posts