ഞാന്‍ ആളാകെ മാറി കേട്ടോ…ജീന്‍സും ടോപ്പുമണിഞ്ഞ് താന്‍ ഐഎസ് ചിന്താഗതി ഉപേക്ഷിച്ചെന്ന് കാട്ടി ഷമീമ ബീഗം; ഇനി ഒറ്റ ലക്ഷ്യം മാത്രം…

താന്‍ പൂര്‍ണമായും ഐഎസ് ചിന്താഗതി ഉപേക്ഷിച്ചെന്ന് ഷമീമ ബീഗം. ഐഎസില്‍ ചേരാന്‍ ലണ്ടനില്‍ നിന്ന് ഇറാഖിലേക്ക് വണ്ടി കയറിയ അവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടനിലേക്ക് മടങ്ങിയാല്‍ മതിയെന്ന ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ.

എന്നാല്‍, ഷമീമയുടെ ആവശ്യം മുമ്പേ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിയിരുന്നു. കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. കേരളത്തില്‍നിന്ന് ഐ.എസില്‍ ചേരാന്‍ ഒളിച്ചോടിയ അയിഷ (സോണിയാ സെബാസ്റ്റിയന്‍), റഫീല, മറിയം (മെറിന്‍ ജേക്കബ്), ഫാത്തിമ(നിമിഷ) എന്നിവരുടേതിനു സമാനമാണു ഷമീമയുടെ അവസ്ഥ.

മലയാളി യുവതികള്‍ അഫ്ഗാന്‍ ജയിലിലാണിപ്പോള്‍. ഇവരുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. ഐ.എസ്. ബന്ധത്തിന്റെ പേരില്‍ ഇവരുടെ മടങ്ങിവരവിനെ കേന്ദ്ര സര്‍ക്കാരും എതിര്‍ക്കുകയാണ്.

സിറിയയിലെ അല്‍ – റോജ് ക്യാമ്പില്‍വച്ചാണു ഷമീമ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്രു ഡ്രുറിയെ കണ്ടത്. ഭീകരവാദി എന്ന പ്രതിച്ഛായ നീക്കാനുള്ള ശ്രമമായിരുന്നു അവരുടെ ഓരോനീക്കത്തിലും.

ബ്രിട്ടനിലേക്കു മടങ്ങാനുള്ള അപേക്ഷ സ്വീകരിച്ചാല്‍ പുതുതലമുറയെ ഭീകരരാകുന്നത് തടയാന്‍ സഹായിക്കുമെന്നാണു വാഗ്ദാനം.

15-ാം വയസില്‍ ജിഹാദി വധുവാകാന്‍ ലണ്ടനില്‍നിന്നു സഹപാഠികളായ അരീര അബാസ്, കാദിസ സുല്‍ത്താന എന്നിവര്‍ക്കൊപ്പം ഒളിച്ചോടിയതാണു ഷമീമ.

കൂട്ടുകാരികളും ഭീകരരുടെ വധുക്കളായി. ഷമീമയ്ക്കു കിട്ടിയത് ഡച്ചുകാരനായ ഭീകരനെ. കൂട്ടുകാരികള്‍, ഭര്‍ത്താവ്, മൂന്നു മക്കള്‍…എല്ലാവരും മരിച്ചു.

അവശേഷിക്കുന്നത് ഷമീമ മാത്രം. ഐ.എസിന്റെ ശക്തി ക്ഷയിച്ചതോടെ സിറിയന്‍ അതിര്‍ത്തിയിലെ അല്‍ റോജ് ക്യാമ്പിലായി.

ഒളിച്ചോടിയ അവര്‍ ഏറെ മാറിയിരിക്കുന്നു. ഹിജാബ് ഉപേക്ഷിച്ചിട്ട് ഏറെ നാളായി. കെന്യേ വെസ്റ്റിന്റെ സംഗീതമാണ് ഇപ്പോഴത്തെ ഹരം.

ഐ.എസ്. ക്രൂരതകളെ അപലപിക്കാന്‍ 2019വരെ അവര്‍ വിസമ്മതിച്ചിരുന്നു. അതിനെല്ലാം മാപ്പു പറഞ്ഞായിരുന്നു തുടക്കം. ചെയ്ത തെറ്റുകള്‍ക്കു ബ്രിട്ടനില്‍ ജയില്‍ശിക്ഷ അനുഭവിക്കാനും അവര്‍ സന്നദ്ധത അറിയിക്കുന്നു.

രാജ്യസുരക്ഷ കണക്കിലെടുത്ത് അവര്‍ക്കു മടങ്ങാനാകില്ലെന്നാണ് യു.കെ. സുപ്രീംകോടതിയുടെ നിലപാട്. 2019ലായിരുന്നു ഈ തീരുമാനം.

ഇന്റര്‍നെറ്റിലൂടെയാണ് ഐ.എസിലേക്ക് ഷമീമ ആകര്‍ഷിക്കപ്പെട്ടത്. സിറിയയില്‍ മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുന്നെന്ന വാര്‍ത്ത കേട്ടാണ് ഐ.എസില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണ് അവരുടെ വാദം.

എങ്കിലും ബ്രിട്ടന്‍ വിടാന്‍ ഷമീമയ്ക്ക് താല്‍പര്യമില്ലായിരുന്നത്രേ. പക്ഷേ, കൂട്ടുകാരികള്‍ക്കൊപ്പം നില്‍ക്കാനായിരുന്നു അവസാന തീരുമാനം.

മികച്ച ചികിത്സയുടേയും പോഷകാഹാരങ്ങളുടെയും അഭാവത്തിലായിരുന്നു ഷമീമയുടെ മൂന്നു മക്കളുടെയും മരണം. 2019 ലുണ്ടായ മൂന്നാമത്തെ മകന്‍ ഒരു മാസം മാത്രമാണു ജീവിച്ചത്.

ഐ.എസിനെതിരേ പ്രതികരിക്കണമെന്നു പലതവണ ചിന്തിച്ചു. എന്നാല്‍, ഭീകരരെ ഭയന്നാണത്രേ നിശബ്ദത പാലിച്ചത്. ജീവനൊടുക്കുന്നതിനെക്കുറിച്ചു പലതവണ ആലോചിച്ചു.

തനിക്ക് ഒരു ദൗത്യമുണ്ടെന്നു തിരിച്ചറിഞ്ഞു. ഇനിയും ചെറുപ്പക്കാരികള്‍ ഭീകരരുടെ വലയില്‍ വീഴാന്‍ പാടില്ല. അതിനായി ബ്രിട്ടനില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നാണു അവരുടെ ആവശ്യം.

അഭിമുഖം കഴിഞ്ഞ് മടങ്ങവേ ഡ്രുറി ഹസ്തദാനത്തിനൊരുങ്ങി. ആലിംഗനം ചെയ്താണ് അവര്‍ അദ്ദേഹത്തെ മടക്കിയത്. എന്തായാലും നിലവിലെ സാഹചര്യത്തില്‍ ഷമീമയ്ക്ക് ബ്രിട്ടനിലേക്കുള്ള മടക്കം സാധ്യമോയെന്നാണ് ചോദ്യമുയരുന്നത്.

Related posts

Leave a Comment