കിട്ടിയതെല്ലാം ബോണസ്! ജീവിതത്തില്‍ അഭിനയിക്കാന്‍അറിയില്ല; ഉള്ളകാര്യം തുറന്നു പറയും.; ഷീലു എബ്രഹം മനസുതുറക്കുന്നു…

വിവാഹിത, രണ്ടു മക്കളുടെ അമ്മ… കുടുംബ ജീവിതത്തിന് പ്രഥമസ്ഥാനം നല്‍കുന്ന നല്ലൊരു വീട്ടമ്മ മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു സജീവമായ ഷീലു എബ്രഹാമിന്റെ വിശേഷണം ഇതൊക്കെയാണ്. പട്ടാഭിരാമനിലൂടെ മികച്ച അഭിനയം കാഴ്ചവച്ച ഷീലു എബ്രഹാമിന്റെ സിനിമാവിശേഷങ്ങള്‍…

സിനിമ മോഹം

സിനിമയില്‍ മുഖം കാണിക്കുമെന്നു സ്വപ്‌നം പോലും കണ്ടിട്ടില്ല. ചെറുപ്പത്തില്‍ ഡാന്‍സ് പഠിച്ചു. പക്ഷേ അത് സിനിമയ്ക്കുവേണ്ടിയായിരുന്നില്ല.എന്നാല്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് നിരവധി സിനിമകള്‍ നിര്‍മിച്ചുവെന്നതു സത്യമാണ്. എന്നാല്‍ ഒരു സിനിമ നിര്‍മാതാവിനെയായിരുന്നില്ല ഞാന്‍ വിവാഹം കഴിച്ചത്. ഇരുവരും വിവാഹത്തിനുശേഷമാണ് സിനിമയില്‍ സജീവമായത്.

പിന്നെ ഭര്‍ത്താവ് നിര്‍മിച്ച എല്ലാ സിനിമയിലും അവസരം ലഭിച്ചിട്ടില്ല. സിനിമയെ ബിസിനസായിട്ടാണ് ഭര്‍ത്താവ് കാണുന്നത്. അതുകൊണ്ടുതന്നെ എനിക്കു യോജിച്ച വേഷം ഉണ്ടെന്ന് സംവിധായകനു ബോധ്യമായാല്‍ മാത്രമേ പരിഗണിക്കാറുള്ളൂ. അല്ലാതെ ഭര്‍ത്താവ് നിര്‍മിച്ചുവെന്നതുകൊണ്ടു ഭാര്യക്ക് വേഷം കിട്ടണമെന്നില്ല. എന്നിട്ടും ഷീ ടാക്‌സി, ശുഭരാത്രി, പുലിയാട്ടം, കനല്‍, പുതിയ നിയമം, മംഗ്ലീഷ്, വീപ്പിംഗ് ബോയ് തുടങ്ങി പട്ടാഭിരാമനില്‍ വരെ എത്തിനില്‍ക്കുന്നു.

വിവാഹശേഷം സിനിമയിലേക്ക്

പലരും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് വിവാഹ ശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുന്നത്. എനിക്ക് അവസരം ലഭിച്ചത് വിവാഹത്തിനുശേഷമാണ്. നിര്‍മാതാവായ എബ്രഹാം മാത്യുവിന്റെ ഭാര്യയായ ഞാന്‍ വിവാഹ ശേഷമാണ് സിനിമയില്‍ സജീവമായത്.

വിവാഹത്തിനുശേഷമാണ് അദ്ദേഹവും നിര്‍മാതാവായത്. എന്നെ സംബന്ധിച്ച് എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് ഒപ്പമുണ്ട്. അതൊരു വലിയ ആശ്വാസമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അങ്ങനെ വന്നവര്‍ ധാരാളമുണ്ട്. സിനിമയില്‍ വരുന്നതും നിലനില്ക്കുന്നതും ഓരോ സാഹചര്യത്തിന്റെ ബലത്തിലാണ്. ആശ ശരത്തിനെ പോലുള്ള നടിമാര്‍ ഈ രംഗത്തേക്കു കടന്നുവന്നതു വിവാഹത്തിനുശേഷമാണ്.

സിനിമയില്‍ ലഭിക്കുന്ന അവസരങ്ങളെ സംബന്ധിച്ച് എനിക്ക് അറിയില്ല. വിവാഹം കഴിഞ്ഞിട്ടും പല നടിമാരും സിനിമയില്‍ സജീവമാണ്. അതോടൊപ്പം വിവാഹത്തിന് മുമ്പ് തിളങ്ങുകയും പിന്നീട് സിനിമയില്‍ ഒന്നും ആകാതെ പോയവരുമുണ്ട്. അതെല്ലാം ചിലരുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആയിരിക്കാം.

എന്നെ സംബന്ധിച്ച് വിവാഹശേഷം വീണ്ടും ഓഫര്‍ വന്നപ്പോള്‍ അതു വിട്ടുകളയാതെ ഉപയോഗിച്ചു. ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അവസരം ലഭിച്ചിരുന്നു. അന്ന് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ ആ അവസരങ്ങളൊന്നും ഉപയോഗിക്കാനായില്ല. ഒരു ആഡ് ഫിലിം ചെയ്തതിന് പിന്നാലെയാണ് സിനിമയില്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് പല സിനിമകളിലായി ചെറിയ വേഷങ്ങള്‍ ചെയ്തു.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം

സൂപ്പര്‍താരങ്ങളുടെ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരം ഗുണം ചെയ്തു. എന്നാല്‍ നായിക ആയിരുന്നില്ല. ജയറാമിന്റെ നായികയായി പട്ടാഭിരാമനില്‍ അഭിനയിച്ചു.

കിട്ടുന്ന വേഷങ്ങളില്‍ സന്തോഷം കണ്ടെത്താനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴും അങ്ങനെ തന്നെ. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കുറഞ്ഞ കാലം കൊണ്ട് സാധിച്ചു. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കു മാര്‍ക്കറ്റ് കൂടുതലാണ്. ജനം കൂടുതല്‍ സ്വീകരിക്കും. സാമ്പത്തികലാഭവും ലഭിക്കും. അതില്‍ ഭാഗമാകുന്നതു നമ്മള്‍ക്കും നേട്ടമാണ്. ജനം നമ്മളെ അംഗീകരിക്കുന്ന സ്ഥിതി വരും.

വീട്ടില്‍ കര്‍ശനക്കാരിയാണോ?

വീട്ടില്‍ കര്‍ശനക്കാരിയാണ്. അടുക്കും ചിട്ടയും വേണമെന്ന വാശിക്കാരിതന്നെയാണ്. എല്ലാം അതാതിന്റെ സ്ഥാനത്ത് തന്നെയിരിക്കണം. വീടിനും ജീവിതത്തിനും അടുക്കും ചിട്ടയും വേണമെന്ന അഭിപ്രായക്കാരിയാണ്. വൃത്തികേടായി ഒന്നും കിടക്കരുത്. ചെറിയ പൊടിപോലും എനിക്കു സഹിക്കില്ല. കുട്ടികളുടെ എല്ലാ കാര്യത്തിലും ശ്രദ്ധിക്കും. അവര്‍ക്ക് എല്ലാം വാങ്ങി നല്‍കുമ്പോഴും അതിന്റെ വിലയും അവര്‍ മനസിലാക്കിയിരിക്കണം. വെറുതെ ഒന്നും വാങ്ങി നല്‍കുന്ന പ്രകൃതമില്ല. അതു ഞങ്ങള്‍ രണ്ടു പേര്‍ക്കുമില്ല. കുട്ടികള്‍ പണത്തിന്റെ മൂല്യം അറിഞ്ഞു തന്നെ വളരണം.

കാരക്ടര്‍ റോളുകള്‍

കാരക്ടര്‍ റോളുകള്‍ ധാരാളം ചെയ്തു. സാധാരണ നായികാ നായകന്മാര്‍ക്ക് ദീര്‍ഘകാലം പിടിച്ചുനില്‍ക്കുക പ്രയാസമാണ്. കാരക്ടര്‍ റോളുകള്‍ എല്ലാക്കാലത്തും ചെയ്യാനാകുമെന്നാണ് അവരുടെ നിരീക്ഷണം. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നതും പലപ്പോഴും കാരക്ടര്‍ റോളുകള്‍ വഴിയാകും. പലപ്പോഴും കാരക്ടര്‍ റോളുകള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും.

പുതിയ സിനിമകള്‍

ബോബന്‍ സാമൂവലിന്റെ അല്‍മല്ലു, കിരണ്‍ സി നായരുടെ അമിക്കോസ്.

ബോള്‍ഡാണോ?

ബോള്‍ഡ് എന്ന് വിശേഷിപ്പിക്കാവുന്ന വേഷങ്ങളാണ് ഞാനിതുവരെ ചെയ്തിട്ടുള്ളത്. ഇപ്പോഴും അത്തരം വേഷങ്ങളാണ് തേടിവരുന്നത്. അതെന്റെ ഭാഗ്യമാകാം അല്ലാതെയുമാകാം. കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥ, ഡോക്ടര്‍ തുടങ്ങിയ വേഷങ്ങളാണ് പതിവായി ലഭിക്കുന്നത്. അതു ഞാന്‍ ചെയ്താല്‍ ഒകെയാണെന്നു സംവിധായകനു തോന്നിയതു കൊണ്ടായിരിക്കാം. ഒന്നുമാറി ചിന്തിക്കണമെന്നാഗ്രഹമുണ്ട്. പക്ഷേ വരുന്നതെല്ലാം അതേ വേഷങ്ങളാണ്. ജീവിതത്തിലും ബോള്‍ഡൊന്നുമല്ല. (ഷീലു ചിരിക്കുന്നു).

എന്റെ പല സിനിമകളും കാണുമ്പോള്‍ ലഭിക്കുന്ന കഥാപാത്രത്തെ രീതി അനുസരിച്ചു അങ്ങനെ തോന്നാം. പക്ഷേ, ജീവിതത്തില്‍ അഭിനയിക്കാന്‍അറിയില്ല. ഉള്ളകാര്യം തുറന്നു പറയും. മനസില്‍ ഒരെണ്ണം വച്ചിട്ടു മറ്റൊന്നു പറയാന്‍ ശ്രമിക്കാറില്ല.

മക്കള്‍

മകള്‍ കെല്‍സിയ, മകന്‍ നീല്‍. ഇരുവരും ജനിച്ചു വളര്‍ന്നതു മുംബൈയിലാണ്. ഒരാള്‍ എട്ടാം ക്ലാസിലും ഒരാള്‍ ആറിലും പഠിക്കുന്നു. മലയാള സിനിമയോട് അത്ര താല്പര്യമില്ല. എറണാകുളത്ത് ചോയ്‌സ് സ്‌കൂളില്‍ പഠിക്കുന്ന അവര്‍ക്ക് അമ്മ അഭിനയിച്ച സിനിമകള്‍ കാണണമെന്ന വാശിയൊന്നുമില്ല. ശുഭരാത്രി അവര്‍ കണ്ടില്ല. എന്നാല്‍ പട്ടാഭിരാമന്‍ കണ്ടു. അവര്‍ പ്രത്യേക അഭിപ്രായമൊന്നും പറയാറുമില്ല.

സിനിമയിലേക്ക് വരാനും അവര്‍ താല്‍ക്കാലത്തേക്കില്ല. ഇപ്പോള്‍ മാതാപിതാക്കള്‍ക്കു ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം അവര്‍ക്കു വിദ്യാഭ്യാസം നല്കുക എന്നതാണ്. സിനിമയിലേക്കു പോയാല്‍ അവരുടെ പഠനം മുടങ്ങും. പഠിച്ച് ഒരു നിലയില്‍ എത്തിയിട്ട് സിനിമയിലേക്ക് വരട്ടെ. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണമെങ്കില്‍ വിദ്യാഭ്യാസം ലഭിക്കണം.

ജോണ്‍സണ്‍ വേങ്ങത്തടം

Related posts