ഐഎസ്എല്‍ മൂന്നാം സീസണ്‍ സെമി ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ച സമയത്ത് ഞാന്‍ പറഞ്ഞ ഡയലോഗാണ് ഏറ്റവും പ്രിയപ്പെട്ടത്! അതുകേട്ട് എനിക്കുപോലും രോമാഞ്ചം ഉണ്ടായി; ഷൈജു ദാമോദരന്‍ പറയുന്നു

മലയാളികള്‍ അടുത്ത കാലത്ത് ഏറ്റവും അധികം ഇഷ്ടപ്പെട്ട സംസാരം അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ശബ്ദം ആരുടേതെന്ന ചോദ്യത്തിന് ബഹുഭൂരിപക്ഷം ആളുകളും ഒറ്റ ഉത്തരമേ നല്‍കാന്‍ ഇടയുള്ളൂ. ഷൈജു ദാമോദരന്‍.

മലയാളികളുടെ ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടിയ ശബ്ദമായിരുന്നു ഷൈജു ദാമോദരന്റേത്. കിടിലന്‍ ഡയലോഗുകളിലൂടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ ആ പഞ്ച് ഡയലോഗുകള്‍ക്കായി. ലോകകപ്പ് ആവേശം കൊടിയിറങ്ങിയെങ്കിലും ഷൈജുവിന്റെ ഓരോ ഡയലോഗുകളും ഇന്നും ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലുണ്ട്.

നേരിട്ടുകണ്ടാല്‍ തിരിച്ചറിയാത്തവര്‍ക്ക് പോലും തന്റെ സ്വരം കേട്ടാല്‍ മനസിലാവും എന്നാണ് ഷൈജു ഇതേക്കുറിച്ച് പറയുന്നത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഷൈജു ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ പറഞ്ഞതില്‍ വച്ച് തനിക്കേറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ഏതെന്നും ഷൈജു വെളിപ്പെടുത്തുന്നുണ്ട്. ഷൈജുവിന്റെ വാക്കുകളിങ്ങനെ…

”ഐ.എസ്.എല്ലിന്റെ മൂന്നാം സീസണ്‍ സമയത്താണ് പൂമരം സിനിമയിലെ ഞാനും ഞാനുമെന്റാളും എന്ന പാട്ട് ഇറങ്ങിയത്. ഈ പാട്ട് കമന്ററിക്കിടെ പറയണം എന്നെനിക്ക് തോന്നി. പക്ഷേ അതിന് പറ്റിയ അവസരം വന്നില്ല. സെമി ഫൈനലില്‍ ബ്ലാസ്റ്റേഴ്സ് ഡല്‍ഹിയെ ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തി. ആ സമയത്തെ കമന്ററി ഇങ്ങനെയായിരുന്നു.

‘സച്ചിനും കോപ്പലും ആ പതിനൊന്ന് പേരും ചേര്‍ന്ന് പ്രതീക്ഷകളുടെ പൂമരം കൊണ്ട് ഒരു കപ്പലുണ്ടാക്കി. ആ കപ്പലിലേറി ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ ഫൈനലിന്റെ തീരത്തേക്ക് എത്തിയിരിക്കുന്നു. കപ്പലിനെ നോക്കി കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ ഒരേ സ്വരത്തില്‍ പാടുന്നു എന്തൊരഴക് എന്തൊരു ഭംഗി. ഡയലോഗുകളില്‍ ഏറ്റവും അധികം ഹിറ്റായത് ഇതാണ്. പറഞ്ഞ എനിക്ക് പോലും രോമാഞ്ചമുണ്ടായി. പിന്നേയും ഒരുപാട് ഡയലോഗുകള്‍ പറഞ്ഞെങ്കിലും ഇതാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ഷൈജു ദാമോദരന്‍ പറയുന്നു.

സ്റ്റാര്‍ ചാനലില്‍ ആരോ ഒരിക്കല്‍ പറയുകയുണ്ടായി, ഷൈജു ആളൊരു ഭ്രാന്തനാണ്. അതുകൊണ്ടാണ് ഇങ്ങനെ ഉന്മാദിയായി സംസാരിക്കാന്‍ സാധിക്കുന്നതെന്ന്. ഞാന്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ യാതൊരു വിധ പിശുക്കും കാണിക്കാറില്ല. നാവില്‍ വരുന്നത് അതേപടി പറയുന്നു.

തൊണ്ണൂറുമിനുട്ട് കൊണ്ട് പുറപ്പെടുവിക്കുന്ന പതിനായിരക്കണക്കിന് വാക്കുകള്‍ കേള്‍ക്കുന്നത് കോടിക്കണക്കിന് ആളുകളാണല്ലോ. അതുകൊണ്ടുതന്നെ ചെറിയ തെറ്റിന് പോലും വലിയ വില കൊടുക്കേണ്ടി വരും. ഷൈജു പറയുന്നു.

Related posts