ചങ്ങനാശേരി: മാടപ്പള്ളി പന്‍പുഴയില്‍ രണ്ടാം ഭാര്യയുടെ കഴുത്തില്‍ ഷോള് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാടപ്പള്ളി പൊന്‍പുഴ അറയ്ക്കല്‍ സനീഷ് ജോസഫ് (38) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സിജി (33)യാണ് കൊല്ലപ്പെട്ടത്. സനീഷിനെ ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സനീഷിന്റെ വീടിനു സമീപത്തെ ഇടവഴിയിലായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു. സനീഷുമായി പിണങ്ങിക്കഴിയുകയായിരുന്നു സിജി. ഇന്നലെ സനീഷിനെ കാണാൻ സിജി ഇവിടെ എത്തുകയായിരുന്നു.
സനീഷ് വിളിച്ചിട്ട് വന്നതാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
സനീഷും മാതാപിതാക്കളും താമസിക്കുന്ന വാടകവീടിനു സമീപത്തുള്ള ഇടവഴില്‍ ബഹളം കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കഴുത്തില്‍ ഷാള്മുറുകി ചലനമറ്റ നിലയില്‍ സിജിയെ കണ്ടെത്തിയത്.
നെറ്റിയിലെ മുറിവില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പിടിവലിക്കിടെ സിജിയുടെ തല സനീഷ് സമീപത്തെ ഭിത്തിയില്‍ ഇടിപ്പിച്ചതായും നിലത്തുവീണ സിജിയുടെ കഴുത്തില്‍ ധരിച്ചിരുന്ന ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം.
സിജിയുടെ കരച്ചില്‍കേട്ട് ആളുകള്‍ എത്തുന്നതു കണ്ടമാത്രയില്‍ സനീഷ് രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.രക്ഷപ്പെടാന്‍ ശ്രമിച്ച സനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മോസ്കോയ്ക്കും മാടപ്പള്ളി ബ്ലോക്കിനും ഇടയിലുള്ള വിജനമായ പൊയിന്താനം കുന്നില്‍നിന്ന് പോലീസ് കണ്ടെത്തുകയും തുടര്‍ന്നുള്ള തെരച്ചിലില്‍ സനീഷിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
സനീഷ് ജയിലില്‍നിന്ന് ഇറങ്ങിയത് രണ്ടാഴ്ച മുമ്പ്
ചങ്ങനാശേരി: സനീഷ് കൊലപാതകം നടത്തിയത് സിജിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ ജയിലിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ. ആദ്യഭാര്യ നേരത്തെ സനീഷുമായുള്ള ബന്ധം ഉപേക്ഷിച്ചുപോയിരുന്നു. തുടര്‍ന്നാണ് സനീഷ് മാമ്മൂട് മാന്നില സ്വദേശിയായ സിജിയെ വിവാഹം ചെയ്തത്.
ഇരുവരും ശാന്തീപുരത്തു വാടകവീട്ടില്‍ താമസിച്ചു വരുന്നതിനിടെ വഴക്കുണ്ടാകുകയും സിജിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കീഴ്വായ്പൂര് പോലീസ് ഇയാളെ അറസ്റ്റു ചെയ്ത് റിമാന്ഡിലാക്കിയിരുന്നു. ഇയാള്‍ പുറത്തിറങ്ങിയിട്ട് രണ്ടാഴ്ചമാത്രമേ ആയുള്ളുവെന്നും പോലീസ് പറഞ്ഞു.
ചങ്ങനാശേരിയിലുള്ള തുണിക്കടയില്‍ ജോലിചെയ്തു വരികയായിരുന്ന സിജി. സനീഷിനെ അന്വേഷിച്ചെത്തിയ സിജിയെ വാക്കു തര്‍ക്കത്തെതുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തെങ്കില്‍ മാത്രമേ വിശദവിവരങ്ങള്‍ ലഭ്യമാകുകയുള്ളു.
മാതാപിതാക്കള്‍ വാടകക്കു താമസിക്കുന്ന മോസ്കോയ്ക്കടുത്ത് പൊന്പുഴയിലുള്ള വാടകവീട്ടിലാണ് കുറച്ചുനാളായി സനീഷ് താമസിക്കുന്നത്.