ലക്നോ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചിൽ തടസമായി. മൂന്ന് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന സംഭവത്തിൽ റുചി ജിൻഡൽ (32) പിടിയിൽ. കുട്ടിയുടെ പിതാവ് കൃഷ്ണ മുരാരി ഗുപ്ത മെഡിക്കൽ ഷോപ്പ് നടത്തുകയാണ്.
സംഭവ ദിവസം ഭാര്യ റുചി ജിൻഡൽ ഭർത്താവിനെ വിളിച്ച് മകൻ തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് അസുഖബാധിതനായെന്നും പിന്നീട് പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അന്നേദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നതിനാൽ അതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയായിരുന്നു.
എന്നാൽ തിങ്കളാഴ്ച ഭാര്യ കാമുകനോട് ഫോണിൽ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത് ഭർത്താവ് കേട്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു.
