ശ്രദ്ധിക്കണം, പിഴവ് വന്നാല്‍ അവർ എല്ലാം നിന്‍റെ തലയിലിടും..! ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കർ–സ്വപ്ന വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്

കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം എത്തുന്നതിന് തലേദിവസം സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സ് ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്(ഇഡി).

എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം അവർ സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ സ്വപ്നക്കയച്ച മെസേജുകളിൽ പറയുന്നു.

സന്തോഷ് ഈപ്പന് നിർമ്മാണ കരാർ നൽകാൻ മുന്നിൽ നിന്നത് ശിവശങ്കറാണെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

കോഴപ്പണ കേസിൽ അറസ്റ്റിലായ ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. ലൈഫ് മിഷനിൽ 4.5 കോടി രൂപയുടെ കമ്മിഷൻ ഇടപാടു നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ഇടപാടിന് മുൻകൈയെടുത്ത ശിവശങ്കറിന് ഒരു കോടിരൂപയും ആഡംബര മൊബൈൽ ഫോണും ലഭിച്ചതായുള്ള തെളിവുകളുണ്ട്. 

ചോദ്യം ചെയ്യലിനോട് കൃത്യമായി പ്രതികരിക്കുന്നില്ല, പകരം തെറ്റായ വിവരങ്ങൾ നൽകുകയും ഒഴിഞ്ഞുമാറാൻ ശ്രമിച്ചതുമാണ്  മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനെ അറസ്റ്റു ചെയ്യാൻ കാരണം.

ശിവശങ്കറും സ്വപ്നയുമായുള്ള വാട്സ് ആപ്പ് ചാറ്റ് പുറത്തുവന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയാവും തുടർന്നുള്ള ചോദ്യം ചെയ്യലിന്‍റെ പ്രധാന ലക്ഷ്യം. 

5 ദിവസത്തേക്കാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടത്. 10 ദിവസം കസ്റ്റഡിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

എന്നാൽ കാര്യ കാരണങ്ങൾ ബോധ്യപ്പെടുത്തിയാൽ കൂടുതൽ ദിവസം കസ്റ്റഡിയിൽ അനുവദിക്കാമെന്നുമായിരുന്നു കോടതിയുടെ നിലപാട്  

Related posts

Leave a Comment