Set us Home Page

ഒരു ടച്ചിൽ കാറിനെയും സ്മാർട്ടാക്കാം

മഴക്കാലത്ത് മഴയുടെ തീവ്രതയ്ക്കനുസരിച്ച് വൈപ്പർ ഒരു ടച്ചുകൊണ്ടോ ശബ്ദംകൊണ്ടോ ക്രമീകരിക്കാൻ കഴിയുന്നു. പവർ വിൻഡോസ്, മ്യൂസിക് സിസ്റ്റം എന്നിവയെല്ലാം ഇങ്ങനെ ടച്ചിലൂടെയും ശബ്ദത്തിലൂടെയും നിയന്ത്രിക്കുന്നു.

ഒരു കാറിന് സ്മാർട് ലുക്ക് കിട്ടാൻ ഇതിൽ പരം എന്തുവേണമെല്ലെ? പക്ഷേ, ഇതൊക്കെ പ്രീമിയം കാറുകളിലല്ലെ ലഭിക്കൂ എന്നു ചോദിക്കാൻ വരട്ടെ. ഇക്കണോമി കാറുകളിലും സെക്കൻഡ്ഹാൻഡ് കാറുകളിലും ഈ സൗകര്യങ്ങൾ ലഭ്യമായാലോ.

ഇത്തരമൊരു സൗകര്യവുമായാണ് പാലക്കാട് കോട്ടായി സ്വദേശി സി.ആർ വിമൽകുമാറിന്‍റെ വിഐ ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് സംരംഭം എത്തുന്നത്.

പ്രീമിയം കാറുകളിൽ മാത്രം മതിയോ?

ഒരു കാർ വാങ്ങിക്കുന്പോൾ അതിന്‍റെ മൈലേജ്, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി പഠിച്ചാണ് പലരും വാഹനങ്ങൾ തെരഞ്ഞെടുക്കുന്നത്. അതിനൊപ്പം തന്നെ കാറിലെ ഓട്ടോമോട്ടീവ് സംവിധാനങ്ങളെക്കുറിച്ചും ആളുകൾ ഇന്ന് ബോധവാന്മാരായിക്കഴിഞ്ഞു.

സാധാരണയായി പ്രീമിയം കാറുകളിൽ മാത്രമാണ് ഓട്ടോമോട്ടീവ് ഡിവൈസ് കണ്‍ട്രോൾ സിസ്റ്റമുള്ളത്. ഇത് എല്ലാത്തരം കാറുകളിലേക്കും സാധാരണക്കാർക്കും താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുക എന്നുള്ളതാണ് വിമൽ കുമാറിന്‍റെ ലക്ഷ്യം.

ഇക്കണോമി കാറുകൾ, മിഡ് സൈസ് കോംപാക്ട് കാറുകൾ എന്നിവയിൽ പലപ്പോഴും ടെക് ഫീച്ചറുകൾ ഉണ്ടാകാറില്ല. ഉള്ളവയിൽ തന്നെ ധാരാളം മെക്കാനിക്കൽ സ്വിച്ചുകളിലായിരിക്കും ഇതിന്‍റെ നിയന്ത്രണം. ഒറ്റ ടച്ച് സ്ക്രീനിൽ സാധ്യമാകുന്ന വിധത്തിലാണ് തയ്യാറക്കായിരിക്കുന്നത്.

വിമൽകുമാർ പുനെയിലായിരുന്നു ബിടെക് പഠനം നടത്തിയത്. തുടർന്ന് ഒന്നു രണ്ടു വർഷം വിവിധ കന്പനികളിൽ ജോലി ചെയ്തു. അപ്പോഴൊക്കെയും വാഹനങ്ങളോടായിരുന്നു വിമലിന് കന്പം. അതുകൊണ്ടു തന്നെ ജോലി ഉപേക്ഷിച്ച് കോഴിക്കോട് എൻഐഇഎൽഐടിഇ യിൽ നിന്നും ഇൻഡസ്ട്രിയൽ ഓട്ടോമേഷനിൽ അഡ്വാൻസ്ഡ് ഡിപ്ലോമ നേടി. ഇതോടെ സ്വന്തം ലക്ഷ്യത്തിലേക്കുള്ള യാത്ര വിമൽ ആരംഭിച്ചു.

പരീക്ഷണങ്ങൾ സ്വന്തം വണ്ടിയിൽ

സ്വന്തം വണ്ടിയായ ഹ്യൂണ്ടായി ഐ10ൽ തന്നെയാണ് വിമലിന്‍റെ പരീക്ഷണങ്ങൾ. 2014 ലാണ് സംരംഭത്തിന്‍റെ ആരംഭം. 2017 ൽ വിഐ ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കന്പനി രജിസ്റ്റർ ചെയ്യുന്നത്. കന്പനി ഇപ്പോൾ എറണാകുളം കളമശേരിയിലുള്ള മേക്കർ വില്ലേജിലാണ് ഇൻകുബേറ്റ് ചെയ്യുന്നത്.

“”2017 ൽ ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ പ്രിസം പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകളിലൊന്നാണ് വിമലിന്‍റെ സംരംഭം. കേരളത്തിൽ നിന്നും രണ്ടു സ്റ്റാർട്ടപ്പുകളെയെ തെരഞ്ഞെടുത്തിരുന്നുള്ളു. അതുവഴി സംരംഭത്തിന്‍റെ പ്രോട്ടോടൈപ് തയ്യാറാക്കാൻ 50 ലക്ഷം രൂപ ലഭിച്ചു.

അതിനുശേഷം ഇതിനെ ഒരു സംരംഭമായി ഉയർത്താൻ 50 ലക്ഷം രൂപവരെ ഗ്രാൻഡ് ലഭിക്കുന്ന പദ്ധതിയിലേക്കും സംരംഭം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതെയുള്ളു.’’ കന്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വിമൽകുമാർ പറഞ്ഞു.

വൈപർ, പവർ വിൻഡോസ്, എസി, ലൈറ്റുകൾ, മ്യൂസിക് സിസ്റ്റം എന്നിവയെല്ലാം ഒരു സ്ക്രീനിലൂടെ നിയന്ത്രിക്കാനുള്ള സാഹചര്യമാണ് തയ്യാറാക്കുന്നത്. അതിനായി കസ്റ്റമൈസ്ഡ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നുണ്ട്.ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിന്‍റെ പ്രോട്ടോടൈപ് ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.

“”പഴയ കാറുകൾക്ക് ഒരു ന്യൂ ലുക്ക് നൽകാൻ ഇത് സഹായിക്കും. കാറിന്‍റെ ഡാഷ്ബോർഡിലുള്ള ടാബോ, മൊബൈൽഫോണോ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാവുന്നതാണ്. ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വോയിസ് കമാൻഡിംഗ് വഴിയുള്ള പ്രവർത്തനം ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.’’ വിമൽകുമാർ പറയുന്നു.

വളരാനുള്ള തയാറെടുപ്പിൽ

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2017 ഒക്ടോബറിൽ സ്വീഡനിൽ നടന്ന ഓട്ടോമൊബൈൽ റൗണ്ട് ടേബിളിൽ ഇന്ത്യയിൽ നിന്നുള്ള സ്റ്റാർട്ടപ്പ് സംഘങ്ങളുടെ കൂടെ വിമൽകുമാറും പങ്കെടുത്തിരുന്നു. മേക്കർ വില്ലേജിന്‍റെ അഞ്ചു ലക്ഷം രൂപയുടെ സീഡ് ലോണ്‍ സംരംഭത്തിനായി ലഭിച്ചിട്ടുണ്ട്. നിരവധി ഓട്ടോമോട്ടീവ് കന്പനികളുമായി സംസാരിച്ചിട്ടുണ്ട്.

മഹീന്ദ്ര ഫസ്റ്റ്ചോയ്സ്, ലാൻഡ്മാർക്ക് ഗ്രൂപ് എന്നിവരെല്ലാം ഇത് നടപ്പിലാക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഓട്ടോമോട്ടീവ് കന്പനികൾ, സെക്കൻഡ് കാർ വിപണി എന്നിവിടങ്ങളിൽ നിന്നുമെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ എത്രയും വേഗം വിപണിയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിമൽകുമാർ.

കാറ്റപുൾട്.കോം എന്ന ക്്രകൗഡ് ഫണ്ടിംഗ്സ്ഥാപനം കേരളത്തിലെ അഞ്ച് ടോപ് സ്റ്റാർട്ടപ്പുകളെ ഫണ്ടിംഗിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അതിൽ ഒന്നാണ് വിമൽകുമാറിന്‍റെ സംരംഭം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS