അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘടനയുടെ പേരു പറയാന്‍ ദീപ നിശാന്ത് ഭയക്കുന്നതെന്തിനെന്ന് സോഷ്യല്‍ മീഡിയ, സഹിഷ്ണുതയുടെ വക്താവ് വിമര്‍ശകരെ കമന്റ് ബോക്‌സില്‍ ബ്ലോക്കുന്നുവെന്ന് ആരോപണം

സോഷ്യല്‍ മീഡിയയില്‍ വലിയ താര പരിവേഷമുള്ള വ്യക്തിത്വമാണ് ദീപ നിശാന്ത് എന്ന അധ്യാപികയുടേത്. ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകയാണ്. അതുകൊണ്ട് തന്നെ സംഘപരിവാര്‍ അണികള്‍ ദീപയെ അപഹസിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും വിട്ടുകളയാറില്ല.

ഉത്തരേന്ത്യയില്‍ നടക്കുന്ന ഗോരക്ഷ കൊലകളിലും മറ്റും അഭിപ്രായം വെട്ടിത്തുറന്ന് ഹീറോയായ ദീപ നിശാന്ത് പക്ഷേ ഇപ്പോള്‍ വിമര്‍ശിക്കപ്പെടുകയാണ്. അതും ഇടതുപക്ഷ അണികളാല്‍. കൊച്ചി മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ കൊലയാളികള്‍ ആരെന്നോ എന്തെന്നോ വ്യക്തമാക്കാത്ത തരത്തിലാണ് അവര്‍ പോസ്റ്റിട്ടത്. ഇതിനോട് ഇടത് ആഭിമുഖ്യമുള്ളവര്‍ വലിയതോതില്‍ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

ക്യാംപസ് ഫ്രണ്ടാണ് ഈ ഹീനകൃത്യത്തിനു പിന്നിലെന്ന് വ്യക്തമായിട്ടും ഈ സംഘടനയ്‌ക്കെതിരേ കാര്യമായൊന്നും പറയാതെ പോസ്റ്റുകളിടുന്നതാണ് ദീപയ്‌ക്കെതിരായ വിമര്‍ശനത്തിനു പിന്നില്‍. അഭിമന്യു മരിച്ചദിവസം ദീപ ഇട്ട ആദ്യ പോസ്റ്റ് ഇങ്ങനെ- എന്തു തരം മനുഷ്യരാണ്! 20 വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കാന്‍ മാത്രം ഏത് പ്രാകൃതപ്രത്യയശാസ്ത്രമാണ് ചില സംഘടനകളെ നയിക്കുന്നത്!

അഭിമന്യൂ…. പേരുപോലെ തന്നെ ചതിക്കുഴികള്‍ക്കിടയ്ക്ക് വീണുപോയല്ലോ കുട്ടീ നീ..നിന്റെ വിയോഗം താങ്ങാനുള്ള കരുത്തും സംയമനവും മഹാരാജാസിനും നിന്റെ പ്രിയപ്പെട്ടവര്‍ക്കുമുണ്ടാകട്ടെ…പ്രണാമം

ക്യാംപസ് ഫ്രണ്ടാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമായിട്ടും ദീപ കൊലയാളികളുടെ സംഘടനയുടെ പേര് പറയാത്തതില്‍ പലരും അമര്‍ഷത്തിലാണ്.

അടുത്തകാലത്ത് ഈ ക്യാംപസ് ഫ്രണ്ടിന്റെ മാതൃസംഘടനയുടെ ചില അവാര്‍ഡുകള്‍ ദീപയ്ക്ക് ലഭിച്ചിരുന്നു. അതാകാം ദീപയെ പേരു പറയാന്‍ വിലക്കുന്നതെന്ന അഭിപ്രായവും പലരും പങ്കുവയ്ക്കുന്നു. നേരത്തെ ചിന്താ ജെറോം അഭിമന്യൂവിന്റെ കൊലയെ ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Related posts