സോഷ്യൽ മീഡിയ റീൽസിനായി അപകടകരമായ അഭ്യാസപ്രകടനം നടത്തുന്നതിനിടെ 30 അടി ഉയരത്തിൽ നിന്ന് അണക്കെട്ടിലേക്ക് ചാടിയ യുവാവിന്റെ ഇരുപാദങ്ങൾക്കും ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള പഹുജ് അണക്കെട്ടിലാണ് സംഭവം. പുഷ്പേന്ദ്ര കുമാർ മനോറിയ (32) എന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം അണക്കെട്ട് കാണാനെത്തിയതായിരുന്നു പുഷ്പേന്ദ്ര. സുഹൃത്തുക്കൾ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ, സുരക്ഷാവേലി ചാടിക്കടന്ന് ഇയാൾ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. “ഈശ്വരൻ നിന്റെ ആത്മാവിനെ രക്ഷിക്കട്ടെ” എന്ന് സുഹൃത്തുക്കളിലൊരാൾ തമാശയായി പറയുന്നത് വീഡിയോയിൽ കേൾക്കാം.
വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ടിലേക്ക് പതിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ ഇരുപാദങ്ങളും തകർന്നു. കാലുകൾക്ക് ശേഷിയില്ലാതായതോടെ വെള്ളത്തിൽ നിന്ന് കയറാനാകാതെ ഇയാൾ ബുദ്ധിമുട്ടി. തുടർന്ന് കൈകൾ ഉപയോഗിച്ച് നീങ്ങി കരയിലുണ്ടായിരുന്ന ഇരുമ്പ് റോഡിൽ പിടിച്ച് കരയിലേക്ക് കയറാൻ ശ്രമിക്കുകയും, ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തുകയുമായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് പുഷ്പേന്ദ്രയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു കാലിൽ ശസ്ത്രക്രിയ നടത്തി രണ്ട് റോഡുകൾ ഇട്ടിട്ടുണ്ട്. രണ്ടാമത്തെ കാലിലും ഉടൻ ശസ്ത്രക്രിയ നടത്തും.
മുമ്പും പല സ്ഥലങ്ങളിലും ഇത്തരം അഭ്യാസങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ ചാടിയ ഭാഗത്ത് വെള്ളത്തിന് ആഴം കുറവാണെന്ന് അറിഞ്ഞില്ലെന്നും യുവാവ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ പ്രശസ്തിക്കായി ഇത്തരം സ്റ്റന്റുകൾ ചെയ്യുന്നത് ജീവന് തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞതായും ഇനി മേലിൽ ഇത്തരം പ്രവർത്തികൾ ചെയ്യില്ലെന്നും ആശുപത്രിയിൽ കഴിയുന്ന പുഷ്പേന്ദ്ര വ്യക്തമാക്കി.
