ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും മരണത്തെക്കുറിച്ചും പ്രഭാഷണം നടത്തി നിമിഷങ്ങൾക്കകം, കൂറ്റൻ കുരിശുരൂപം ദേഹത്തുവീണ് കത്തോലിക്കാ വൈദികൻ ദാരുണമായി മരിച്ചു. ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് പള്ളിയിലെ വികാരി ഫാദർ പാട്രിസിയോ അൽഫ്രഡോ സാഞ്ചസ് മൊളിനാരിയാണ് (Father Patricio Alfredo Sanchez Molinari) ലൈവ് സ്ട്രീം ചെയ്ത കുർബാനയ്ക്കിടെ അപകടത്തിൽ പെട്ട് മരിച്ചത്.
തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന കുർബാനയ്ക്കിടെയാണ് ഈ ദാരുണ സംഭവം നടന്നത്. പ്രാർത്ഥനയ്ക്കിടെ വൈദികന് പിന്നിൽ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന വലിയ കുരിശുരൂപം പെട്ടെന്ന് മുന്നോട്ട് മറിഞ്ഞ് അദ്ദേഹത്തിന്റെ തലയുടെ പിന്നിലേക്ക് വീഴുകയായിരുന്നു. എന്ത് സംഭവിച്ചുവെന്ന് അറിയാൻ സാധിക്കും മുമ്പ് തന്നെ ഭാരമേറിയ കുരിശ് അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ചു. തുടർന്ന് ആരാധനാലയത്തിലുണ്ടായിരുന്നവർ നിലവിളിച്ചുകൊണ്ട് അദ്ദേഹത്തെ സഹായിക്കാൻ ഓടിയെത്തുകയും ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് തൊട്ടുമുമ്പ് ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും മരണത്തെക്കുറിച്ചുമായിരുന്നു ഫാദർ പാട്രിസിയോ പ്രഭാഷണം നടത്തിയത്. ഫോണുകളിൽ സമയം പാഴാക്കികളയാതെ ദൈവത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.
“ഒരു ദിവസം നമ്മളും മരിക്കും. ആ സമയത്ത് നമ്മൾ ഫോണിൽ ചെലവഴിച്ച സമയത്തിന് വലിയ അർഥമൊന്നും ഉണ്ടാകില്ല, എന്നാൽ ദൈവത്തോടൊപ്പം ചെലവഴിച്ച സമയത്തിനാകും വില” എന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത ദുരന്തം .
വൈദികന്റെ വിയോഗത്തിൽ ഗ്വായാക്വിൽ അതിരൂപത അനുശോചനം രേഖപ്പെടുത്തി. ഭാരമേറിയ കുരിശുരൂപം എങ്ങനെയാണ് ഭിത്തിയിൽ നിന്ന് അടർന്നു വീണതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അധികാരികൾ അന്വേഷണം നടത്തിവരികയാണ്.
