ഉത്തർപ്രദേശിലെ ജാൻസിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു പുറത്തു തൂങ്ങി അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. അംശ് പ്രജാപതി, ശിവം അഹിർവാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റണ്ടിനായി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ പുറത്തുകയറി അപകടകരമായ രീതിയിൽ യുവാക്കൾ സ്റ്റണ്ട് നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൻ ദുരന്തത്തിന് കാരണമായേക്കാവുന്ന ഈ സാഹസിക പ്രകടനം സോഷ്യൽ മീഡിയയിൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായതിന് പിന്നാലെ യുവാക്കളുടെ ആവേശം മുഴുവൻ ആവിയായി. കാതുകളിൽ പിടിച്ച്, കൈകൂപ്പി പൊലീസിനോടും ക്യാമറയ്ക്കും മുന്നിൽ മാപ്പ് പറയുന്ന യുവാക്കളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇനി ഇത്തരം ആവർത്തിക്കില്ലെന്നും ഇവർ ഉറപ്പ് നൽകി.
ഭാരതീയ ന്യായ സംഹിതയിലെ (BNS) പ്രസക്ത വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തുടർന്ന് കോടതിയിൽ ഹാജരാക്കിയതായും സ്റ്റേഷൻ ഇൻചാർജ് രവി ശ്രീവാസ്തവ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ റീലുകൾക്കായി ഇത്തരം അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്നത് സ്വന്തം ജീവനും റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റ് കാൽനടയാത്രക്കാരുടെയും ജീവന് ഭീഷണിയാകുമെന്ന് പൊലീസ് ഓർമിപ്പിച്ചു.
