ഫ്രാൻസിൽ ജീവിതച്ചെലവ് വർധിച്ചതിനെതിരെ വ്യാപക പ്രതിഷേധവും അക്രമങ്ങളും അരങ്ങേറുന്നതിനിടയിലും, തെരുവിൽ തീ ആളിപ്പടരുന്നതിന് ഏതാനും മീറ്ററുകൾ മാത്രം അകലെ ശാന്തരായിരുന്ന് ജൂസ് കുടിക്കുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ആർക് ഡി ട്രയോംഫിന് സമീപമുള്ള ഒരു ഔട്ട്ഡോർ കഫേയിൽ ഇരുന്നാണ് ദമ്പതികൾ അസാധാരണമായ ശാന്തത പാലിച്ചത്. തൊട്ടുപിന്നിൽ റോഡിൽ തീ ആളിപ്പടർന്നു കത്തുമ്പോഴും, ഒട്ടും ആശങ്കപ്പെടാതെ ഇവർ സംസാരിച്ചുകൊണ്ട് ഡ്രിങ്ക്സ് ആസ്വദിക്കുകയായിരുന്നു.
ജീവിതച്ചെലവിലുണ്ടായ വർധനവ്, വിലക്കയറ്റം, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലെ ആശങ്കകൾ എന്നിവയ്ക്കെതിരെ ഫ്രാൻസിലുടനീളം വലിയ പ്രക്ഷോഭങ്ങളാണ് നടന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകൾ പങ്കെടുത്ത ഈ പ്രക്ഷോഭം പിന്നീട് അക്രമങ്ങളിലേക്ക് വഴിമാറുകയായിരുന്നു. ടൗൺ ഹാളുകളും കടകളും തീവെച്ച് നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.
ഫ്രാൻസിൽ വർഷങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും വലിയ അക്രമപരമ്പരകളിലൊന്നായി മാറിയ ഈ സംഭവവികാസങ്ങളിൽ 2,500ലധികം ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈ അക്രമങ്ങൾക്കിടയിലും കൂസലില്ലാതെയിരുന്ന ദമ്പതികളുടെ ചിത്രം, പ്രതിസന്ധികൾക്കിടയിലെ ഫ്രഞ്ച് ജനതയുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായാണ് പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
