പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്റൂമിൽ 10 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തിയത് വിദ്യാർഥിനികളിലും നാട്ടുകാരിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. മധ്യപ്രദേശിലെ സാഗറിലെ തിലി പ്രദേശത്തുള്ള ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. ബാത്ത്റൂമിൽ കയറിയ വിദ്യാർഥിനികളാണ് ഭീമൻ പാമ്പിനെ കണ്ട് ഭയന്ന് ഉടൻ തന്നെ ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ പ്രശസ്ത പാമ്പ് പിടിത്തക്കാരൻ അഖീൽ ബാബ (Aqeel Baba) നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.
തിലി പ്രദേശം കുന്നിൻ പ്രദേശത്തോട് ചേർന്ന് കിടക്കുന്നതിനാൽ മൺസൂൺ സമയത്ത് സുരക്ഷിതമായ അഭയം തേടി പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് പതിവാണ്.
മേഖലയിൽ നിന്ന് ഇതുവരെ 70 മുതൽ 75 വരെ മലമ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉൾക്കാട്ടിലേക്ക് തുറന്നുവിട്ടിട്ടുണ്ടെന്ന് അഖീൽ ബാബ പറഞ്ഞു.
പിടികൂടിയ ഈ മലമ്പാമ്പിനെയും വനത്തിലേക്ക് തുറന്നുവിടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ജനവാസ മേഖലകളിൽ പാമ്പുകളെ കണ്ടാൽ അവയെ ആക്രമിക്കാനോ പിടികൂടാനോ ശ്രമിക്കാതെ വിദഗ്ദ്ധരെയോ വനംവകുപ്പിനെയോ അറിയിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
