ഹൈദരാബാദിൽ ഷോറൂമിന് പുറത്തുനിന്നും ആഡംബര കാറുകൾ കൗതുകത്തോടെ നോക്കിക്കണ്ട സ്കൂൾ കുട്ടികൾക്ക് ജീവതത്തിലെ ഏറ്റവും വലിയ സമ്മാനം നൽകി വ്യവസായി. കുട്ടികളുടെ ആഗ്രഹം മനസ്സിലാക്കി അവരെ ഷോറൂമിനുള്ളിലേക്ക് ക്ഷണിക്കുകയും സ്വന്തം ലംബോർഗിനി കാറിൽ കയറ്റി നഗരം ചുറ്റിക്കുകയും ചെയ്ത നിശാന്ത് സബൂ എന്ന വ്യവസായിയുടെ പ്രവൃത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കരളു കവരുന്നത്.
ഹൈദരാബാദിലെ ആഡംബര കാർ ഷോറൂമിന് പുറത്തുവെച്ചാണ് യാശ്വിക , വിവാൻ എന്നീ സ്കൂൾ കുട്ടികൾ ലംബോർഗിനി കണ്ട് അത്ഭുതത്തോടെ നിന്നു തിരിഞ്ഞത്. പുറത്തുനിന്നും കാർ നോക്കിക്കാണുകയായിരുന്ന കുട്ടികളെ കണ്ട ഷോറൂം ഉടമ നിശാന്ത് സബൂ, അവരെ അകത്തേക്ക് സ്നേഹത്തോടെ ക്ഷണിക്കുകയായിരുന്നു. കുട്ടികൾക്ക് പ്രിയപ്പെട്ട കാറുകൾക്കൊപ്പം ഫോട്ടോയെടുക്കാനുള്ള അവസരവും അദ്ദേഹം ഒരുക്കിക്കൊടുത്തു.
എന്നാൽ അത്രമാത്രം കൊണ്ട് ആ സ്നേഹം അവസാനിച്ചില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം യാശ്വികയും വിവാനും വീണ്ടും നിശാന്തിന്റെ ‘കവാക’ ഷോറൂമിൽ എത്തിയപ്പോഴാണ് അദ്ദേഹം കുട്ടികൾക്ക് തന്റെ നീല ലംബോർഗിനി കാറിൽ സർപ്രൈസ് റൈഡ് വാഗ്ദാനം ചെയ്തത്.
തങ്ങളുടെ സ്വപ്ന വാഹനത്തിൽ കയറിയിരിക്കാൻ കഴിഞ്ഞതിന്റെ ആവേശവും സന്തോഷവും ആ കുട്ടികളുടെ മുഖത്ത് വ്യക്തമായിരുന്നു. ഒപ്പം കുട്ടികളുടെ സന്തോഷം കണ്ടുനിന്ന അവരുടെ പിതാവിന്റെ മുഖത്തെ ചിരിയും ആ നിമിഷത്തെ കൂടുതൽ മനോഹരമാക്കി.
കുട്ടികൾക്കൊപ്പമുള്ള വീഡിയോ നിശാന്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ചെറിയൊരു നന്മയിലൂടെ മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച വ്യവസായിക്ക് കയ്യടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. യാശ്വികയ്ക്കും വിവാനും ഈ ഹൈദരാബാദ് സന്ദർശനം ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭൂതിയായി മാറിയിരിക്കുകയാണ്.
