സ്പേസ് എക്സിന്റെ സാങ്കേതികവിദ്യയോടെ എലോൺ മസ്ക് അവതരിപ്പിച്ച പുതിയ ‘ടെസ്ല റോഡ്സ്റ്റർ’ (Tesla Roadster) കാർ സമൂഹമാധ്യമങ്ങളിൽ ചിരിയും ട്രോളുകളും നിറയ്ക്കുന്നു. വായുവിൽ കൂടുമാറിയും തലകീഴായി മറിഞ്ഞും മറ്റ് വാഹനങ്ങൾക്ക് മുകളിലൂടെ ചാടിക്കടന്നും അമ്പരപ്പിക്കുന്ന പ്രകടനങ്ങളാണ് ഈ പുതിയ ഇലക്ട്രിക് സ്പോർട്സ് കാർ കാഴ്ചവെച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ സിനിമകളെ വെല്ലുന്ന ഈ ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന പ്രകടനങ്ങൾ പുറത്തുവന്നതോടെ ഇൻ്റർനെറ്റിൽ വൻ ട്രോൾ മേളമാണ് നടക്കുന്നത്.
ഒക്ടോബർ 15നാണ് പുനർരൂപകൽപ്പന ചെയ്ത ടെസ്ല റോഡ്സ്റ്റർ മസ്ക് അവതരിപ്പിച്ചത്. കാറിന്റെ സവിശേഷതകൾ ചർച്ചയാകുന്നതിനേക്കാൾ ഉപരി, സോഷ്യൽ മീഡിയ ഇതിനെ വച്ചുള്ള മീമുകളിലൂടെയാണ് ആഘോഷമാക്കുന്നത്. 2009ൽ പുറത്തിറങ്ങിയ ‘ഓൾ ദി ബെസ്റ്റ്’ എന്ന ബോളിവുഡ് കോമഡി ചിത്രത്തിലെ അജയ് ദേവ്ഗൺ കാർ തലകീഴായി മറിക്കുന്ന രംഗവുമായിട്ടാണ് ചിലർ ഇതിനെ താരതമ്യം ചെയ്യുന്നത്. “ബോളിവുഡ് സംവിധായകർ വർഷങ്ങൾക്ക് മുമ്പേ ചെയ്ത കാര്യമാണ് ടെസ്ല ഇപ്പോൾ അവതരിപ്പിച്ചത്” എന്നാണ് നെറ്റിസൺസ് തമാശരൂപേണ പറയുന്നത്.
റോഡിലെ ട്രാഫിക് ജാമിനെക്കുറിച്ച് ചിന്തിച്ചിരുന്നവർക്ക് ഇനി ആകാശത്തെ ട്രാഫിക് ജാമിനെക്കുറിച്ചും ഓർക്കേണ്ടിവരുമെന്നാണ് മറ്റൊരു ട്രോൾ. റോഡ്സ്റ്ററുകൾ നിരത്തിലിറങ്ങിയാൽ ആകാശത്തും വണ്ടികൾ പറന്നുയരുമെന്നും, “ഇന്ന് Z-ആക്സിസിൽ അല്പം ട്രാഫിക് കൂടുതലാണ്” എന്നൊക്കെയുള്ള രസകരമായ ക്യാപ്ഷനുകളോടെയാണ് ആളുകൾ മീമുകൾ പങ്കുവെക്കുന്നത്.
കാറിന്റെ ഉത്പാദനം 2028ഓടെ മാത്രമേ ആരംഭിക്കൂ എന്ന് മസ്ക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പ്രഖ്യാപനം വന്ന അന്ന് മുതൽ തന്നെ ഈ ഫ്യൂച്ചറിസ്റ്റിക് കാറും അതിന്റെ അവിശ്വസനീയമായ സ്റ്റണ്ടുകളും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിക്കഴിഞ്ഞു.
