ഗതാഗതക്കുരുക്കിൽ പെടാതെ ദിവസവും ജോലിക്ക് പോകാൻ ഒരു യുവാവ് കണ്ടെത്തിയ വഴി കൗതുകമാകുന്നു. കാറോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കുന്നതിന് പകരം ‘പാരമോട്ടർ’ (Paramotor) ഉപയോഗിച്ചാണ് ഈ അമേരിക്കൻ സ്വദേശി ദിവസവും ഓഫീസിലേക്ക് പറക്കുന്നത്.
എയർ ട്രാഫിക് കൺട്രോളറായ ജേക്കബ് ഹുട്സ്ലർ ആണ് തന്റെ ഈ വ്യത്യസ്തമായ യാത്രാനുഭവത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വീട്ടിൽ നിന്നും പാരമോട്ടർ ഗിയറുകൾ ധരിച്ച് പുറത്തിറങ്ങി, പാരച്യൂട്ട് വിരിച്ച് പറന്നുയരുന്നതാണ് വീഡിയോയിലുള്ളത്. ആകാശത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ വളരെ ശാന്തനായി കാൽ മാറ്റിപ്പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഒടുവിൽ താൻ ജോലി ചെയ്യുന്ന എയർപോർട്ടിന് സമീപം സുരക്ഷിതമായി ലാൻഡ് ചെയ്താണ് ജേക്കബ് തന്റെ യാത്രാനുഭവം അവസാനിപ്പിക്കുന്നത്. ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ യാത്രാരീതിയാണ് മികച്ചതെന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച ഒരു രസകരമായ കമന്റ്.
ആകാശത്തെ പക്ഷികളുടെ തിരക്കുമൂലമാണ് വൈകിയതെന്ന് ബോസിനോട് പറയേണ്ടിവരുമെന്ന് മറ്റൊരാൾ തമാശയായി കുറിച്ചു. ഇതുവരെ കണ്ടതിൽവെച്ചേറ്റവും കിടിലൻ യാത്രാമാർഗമാണിതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
