നമ്മൾ ചെയ്യുന്ന ചെറിയൊരു കാരുണ്യപ്രവൃത്തിക്ക് പോലും മറ്റൊരാളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സഹജീവികളോട് അനുകമ്പ കാണിക്കാൻ മടിക്കാത്ത നടി രശ്മിക മന്ദാനയുടെ പുതിയ പ്രവർത്തനം സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും വലിയ തരംഗമായിരിക്കുകയാണ്.
താൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടയിലും പാവപ്പെട്ടവർക്ക് താങ്ങാവാനുള്ള നടിയുടെ തീരുമാനം കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. “പ്രൊജക്ട് അന്നപൂർണ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ 400 കുടുംബങ്ങളെയാണ് താരം ദത്തെടുത്തിരിക്കുന്നത്.
ഈ കുടുംബങ്ങൾക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും പലചരക്കുകളും ഒരു വർഷത്തേക്ക് സൗജന്യമായി രശ്മിക ലഭ്യമാക്കും. മൂന്ന് മാസം വീതമുള്ള ഘട്ടങ്ങളായാണ് പലചരക്ക് സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കുക. നിത്യനിദാന ചെലവുകളിൽ വലിയൊരു പങ്കുവഹിക്കുന്ന പലചരക്ക് തുക ലാഭിക്കാൻ സാധിക്കുന്നതിലൂടെ, ഈ കുടുംബങ്ങൾക്ക് ആ തുക മറ്റ് ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
മുന്പൊക്കെ ഇത്തരം സഹായങ്ങൾ ചെയ്യുമ്പോൾ അത് രഹസ്യമായി സൂക്ഷിക്കാറായിരുന്നു നടിയുടെ പതിവ്. എന്നാൽ ഇത്തവണ അത് പരസ്യമാക്കിയത് മറ്റുള്ളവർക്കും ചെറിയ രീതിയിലെങ്കിലും പാവപ്പെട്ടവരെ സഹായിക്കാനുള്ള ഒരു പ്രചോദനമാകട്ടെ എന്ന് കരുതിയാണെന്ന് രശ്മിക വ്യക്തമാക്കുന്നു.
താൻ അഭിനയിക്കുന്ന “രണബാലി’ എന്ന സിനിമയിലെ ‘ജയമ്മ’ എന്ന കഥാപാത്രത്തിനും മറ്റുള്ളവരെ സഹായിക്കാനുള്ള മനസുണ്ടെന്നും, സ്വന്തം വ്യക്തിത്വവുമായി ഏറെ സാമ്യമുള്ള കഥാപാത്രമാണിതെന്നും താരം കൂട്ടിച്ചേർത്തു.
“സഹായങ്ങൾ എപ്പോഴും വലുതായിരിക്കണമെന്ന് നിർബന്ധമില്ല, നമ്മളാൽ കഴിയുന്ന രീതിയിൽ ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങാം” എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് താരം താൻ നൽകുന്ന പലചരക്ക് സാധനങ്ങളുടെ പട്ടിക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന “രണബാലി’ ഇന്ന് തിയേറ്ററുകളിലെത്താനിരിക്കെ, സിനിമയ്ക്കും അപ്പുറം ജനങ്ങളുടെ മനസിൽ ഇടംപിടിച്ചിരിക്കുകയാണ് രശ്മിക എന്ന നടി.
